ടെഹ്‌റാന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങളില്‍ പ്രതികരിച്ച് ഇറാന്‍.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് മോറല്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഈ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ഭരണകൂട നടപടിക്ക് മറുപടിയെന്നോണമാണ് യു.കെയും ഇ.യുവും ഇപ്പോള്‍ ഇറാനെതിരെ പുതിയ ഉപരോധംകൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് നാസെര്‍ കനാനി (Nasser Kanaani) ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനിലെയും ബ്രിട്ടനിലെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായി പുതിയ ഉപരോധങ്ങളുടെ പട്ടിക തങ്ങളും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കനാനി പറഞ്ഞത്.
”ഇറാനിലെ യാഥാര്‍ത്ഥ്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്നതിലുള്ള അവരുടെ മാനസികമായ കഴിവില്ലായ്മയെയും ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ അധികാരത്തെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിന്റെയും അടയാളമാണ് യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും നീക്കം,” എന്നാണ് കനാനി പറഞ്ഞത്.
ഇറാനില്‍ അസ്ഥിരത സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടത് കാരണമുണ്ടായ നിരാശയുടെയും രോഷത്തിന്റെയും പ്രകടനമാണ് ബ്രിട്ടന്റെയും യൂറോപ്യന്‍ യൂണിയന്റെയും പുതിയ ഉപരോധങ്ങളെന്നും നാസെര്‍ കനാനി കൂട്ടിച്ചേര്‍ത്തു.
ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ ആരംഭിച്ചതിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ ഇറാന് മേല്‍ ചുമത്തുന്ന നാലാം ഘട്ട ഉപരോധമാണിത്.
മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രതിഷേധപ്രകടനങ്ങള്‍ 1979ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം രാജ്യത്തെ പൗരോഹിത്യ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനിയന്‍- കുര്‍ദിഷ് യുവതിയായ മഹ്‌സ അമിനി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16ന് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധത്തിന്റെ ഭാഗമായി തെക്കുകിഴക്കന്‍ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ചുകള്‍ നടന്നിരുന്നു.
ഇറാനിലുടനീളവും അന്താരാഷ്ട്ര തലത്തില്‍ തന്നെയും ഇറാന്‍ ഭരണകൂടത്തിനും സദാചാര പൊലീസിനുമെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. എന്നാല്‍ പ്രതിഷേധക്കാരെ തൂക്കിലേറ്റുന്നതടക്കമുള്ള കടുത്ത നടപടികളിലേക്കായിരുന്നു ഇറാന്‍ ഭരണകൂടം കടന്നത്.
Content Highlight: Iran on sanctions by Britain and European Union