ഗോതമ്പ്, കൊവിഡ് വാക്‌സിനടക്കമുള്ള മെഡിക്കല്‍ സഹായങ്ങള്‍ എന്നിവ അഫ്ഗാനിലെത്തിക്കുന്ന ഇന്ത്യന്‍ പദ്ധതിക്ക് സഹായം നല്‍കാമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.
ശനിയാഴ്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് ഇറാന്റെ വിദേശകാര്യ വകുപ്പ് മന്ത്രി ഹൊസെയ്ന്‍ ആമിര്‍-അബ്ദൊല്ലഹിയാന്‍ ഇക്കാര്യം പറഞ്ഞത്. ഇറാന്റെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.
”അഫ്ഗാനിലേക്കുള്ള ഇന്ത്യയുടെ മാനുഷികപരമായ സഹായത്തെക്കുറിച്ച് ആമിര്‍-അബ്ദൊല്ലഹിയാന്‍ സംസാരിച്ചിരുന്നു.
ഗോതമ്പ്, കൊവിഡ് വാക്‌സിന്‍, മറ്റ് മരുന്നുകള്‍ എന്നിവയുടെ രൂപത്തില്‍ അഫ്ഗാനിലേക്കെത്തിക്കുന്ന ഈ സഹായങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് വേണ്ട സഹകരണവും മറ്റ് നടപടികളും ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്,” ഇറാന്റെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
920 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് പങ്കിടുന്നത്. അതിനാല്‍ ഇറാന്‍ വഴി അഫ്ഗാനിലേക്ക് സഹായമെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കും.
കടുത്ത ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമടക്കം വലിയ വെല്ലുവിളിയിലൂടെയാണ് താലിബാന്‍ സര്‍ക്കാരിന് കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ നിലവില്‍ കടന്നുപോകുന്നത്. ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യ ഭക്ഷണവും മരുന്നുമടക്കം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നത്.
A wide ranging conversation with my Iranian colleague, FM @Amirabdolahian .
Discussed the difficulties of Covid, challenges in Afghanistan, prospects of Chabahar and complexities of the Iranian nuclear issue.
കൊവിഡ് വാക്‌സിനുകളും മറ്റ് അത്യാവശ്യ മരുന്നുകളുമുള്‍പ്പെടുന്ന മൂന്ന് ചരക്കുകള്‍ ഇന്ത്യ അഫ്ഗാനിലേക്ക് അയച്ചിട്ടുണ്ട്. ആദ്യത്തേത് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലും പിന്നീടുള്ള രണ്ടെണ്ണം ഇറാന്റെ വ്യോമഗതാഗത സംവിധാനമായ മഹന്‍ എയറിലുമായിരുന്നു അയച്ചത്.
ആദ്യം അഫ്ഗാനിലെത്തിയ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ കാബൂളില്‍ നിന്നും 104 പേര്‍ ഇന്ത്യയിലേക്കെത്തുകയും ചെയ്തിട്ടുണ്ട്.
50,000 ടണ്‍ ഗോതമ്പാണ് വാഗ്ദാനം ചെയ്തത് പ്രകാരം ഇനി ഇന്ത്യ അഫ്ഗാന് നല്‍കാനുള്ളത്.
അഫ്ഗാനിലെ ഭക്ഷ്യപ്രതിസന്ധി 2022 മാര്‍ച്ച് വരെ നീളുമെന്നും വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സഹായം അവര്‍ക്ക് അടിയന്തരമായി ലഭിക്കേണ്ടതുണ്ടെന്നും കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
കൊവിഡ് മഹാമാരി, വരള്‍ച്ച, രാജ്യത്തുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവയാണ് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായി പറയുന്നത്. പുതിയ താലിബാന്‍ സര്‍ക്കാരിന് രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ട ഫണ്ട് കണ്ടെത്താന്‍ സാധിക്കാത്തതും പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
അഫ്ഗാനിസ്ഥാന്‍ ഭക്ഷണകാര്യത്തില്‍ നേരിടുന്നത് വലിയ ഭീഷണിയാണെന്നും തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്ത് കുട്ടികളടക്കം ലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടന്ന് മരിക്കുമെന്നും നേരത്തെ ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനിടെ അഫ്ഗാനിസ്ഥാന്റെ തടഞ്ഞുവെച്ച സ്വത്തുക്കള്‍ റിലീസ് ചെയ്യണമെന്നാശ്യപ്പെട്ട് അമേരിക്കന്‍ എംബസിക്ക് മുന്നില്‍ ജനങ്ങള്‍ പ്രതിഷേധപ്രകടനവും നടത്തിയിരുന്നു.