ടെഹ്‌റാന്‍: ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദെയെ കൊലപ്പെടുത്തിയത് ഇസ്രാഈല്‍ രഹസ്യാന്വേഷണ ഏജന്‍സിയാണെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ദി ജ്യൂയിഷ് ക്രോണിക്കിള്‍ എന്ന പത്രമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
മൊസാദ് ഇറാനിലേക്ക് രഹസ്യമായെത്തിച്ച തോക്കുപയോഗിച്ചാണ് ഫക്രിസാദെയെ വെടിവെച്ചു വീഴ്ത്തിയതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 20 പേരായിരുന്നു ഫക്രിസാദെയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഇസ്രാഈല്‍ പൗരന്മാരും ഇറാന്‍ പൗരന്മാരും ഉണ്ടായിരുന്നു.
എട്ട് മാസത്തോളം ഫക്രിസാദെയെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച ശേഷമാണ് സംഘം ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രാഈല്‍ മാത്രമാണ് ഈ ദൗത്യത്തില്‍ പങ്കാളികളായിരുന്നതെന്നും എന്നാല്‍ അമേരിക്കയെ വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്‍ ആര്‍മിയിലെ ഒരു ഉദ്യോസ്ഥന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ പങ്കാളിയാണെന്ന് ഇറാന്‍ ഇന്റലിജന്‍സ് വകുപ്പ് മന്ത്രിയായ മഹ്മൂദ് അലവി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
2020 നവംബറില്‍ ടെഹ്റാന് സമീപം കാറിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഫക്രിസാദെ കൊല്ലപ്പെടുന്നത്. കിഴക്കന്‍ ടെഹ്‌റാനിലെ പ്രാന്തപ്രദേശമായ അബ്‌സാര്‍ഡില്‍ വെച്ചാണ് ഫക്രിസാദെയ്ക്ക് നേരെ ആക്രമണമുണ്ടായതെന്നും ഇറാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
63 കാരനായ ഫക്രിസാദെ ഇറാന്‍ റെവല്യൂഷണരി ഗാര്‍ഡ് അംഗമായിരുന്നു. മിസൈല്‍ നിര്‍മ്മാണത്തിലും വിദഗ്ധനായിരുന്നു. ഇറാന്‍ ആധുനിക ശാസ്ത്രത്തിന്റെ സങ്കേതങ്ങള്‍ അറിയരുതെന്ന് ആഗ്രഹിക്കുന്നവരാണ് ആക്രമണത്തിന് പിന്നില്‍ എന്ന് രാജ്യത്തിന്റെ റിപ്പബ്ലിക്കന്‍ ഗാര്‍ഡുകള്‍ പറഞ്ഞിരുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെ കൊലപാതകത്തില്‍ ഇസ്രാഈലിന് പങ്കുണ്ടെന്ന് ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഇതുവരെ ഇസ്രാഈല്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇറാന്റെ ആരോപണങ്ങളോട് മറുപടിയും പറഞ്ഞിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക