ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളില്‍ വ്യോമാക്രമണം നടത്തി ഇറാന്‍. ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.
ഏതാണ്ട് 12-ഓളം മിസൈലുകള്‍ ആണ് സൈനികതാവളങ്ങളില്‍ വിക്ഷേപിച്ചതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പെന്റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തു വിട്ടത്.
ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും ഹൊഫ്മാന്‍ അറിയിച്ചു.
ഇറാന്റെ സൈനിക വിഭാഗമായ ഇസ് ലാമിക് റവല്യൂഷനറി ഗാര്‍ഡ് സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.ആക്രമണം നടത്തിയ സൈന്യത്തെ ഇറാന്‍ അഭിനന്ദിച്ചു.
ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ മുഴുവന്‍ യു.എസ് സൈന്യത്തെയും ‘തീവ്രവാദികള്‍’ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാഖില്‍ വീണ്ടും അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്‍ പൗര സേനയുടെ ആറുപേര്‍ ആക്രമണത്തില്‍ മരിച്ചിരുന്നു.
ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് നേരത്തെ യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെര്‍ വ്യക്തമാക്കിയിരുന്നു.