തെഹ്‌രാന്‍: രഹസ്യമായി സൈനിക ഉപഗ്രഹം വിക്ഷേപണം നടത്തി ഇറാന്‍. ഇറാനിലെ അര്‍ദ്ധസൈന്യമായ റെവല്യൂഷണറി ഗാര്‍ഡാണ് വിക്ഷേപണം നടത്തിയത്. നൂര്‍ എന്നു പേരിട്ട ഉപഗ്രഹമാണ് വിക്ഷേപിച്ചിരിക്കുന്നത്.
ഇറാനിലെ മധ്യപീഠ ഭൂമിയിലെ മര്‍കസി മരുഭൂമിയില്‍ നിന്നുമാണ് വിക്ഷേപണം നടന്നത്. ഭൗമോപരിതലത്തില്‍ നിന്ന് 425 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ സാറ്റ്‌ലൈറ്റ് എത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്റെ ആദ്യ മിലിട്ടറി ഉപഗ്രഹമാണിത്്. മുമ്പ് പലതവണ ഉപഗ്രഹ പരീക്ഷണത്തില്‍ ഇറാന്‍ പരാജയപ്പെട്ടതാണ്. വിക്ഷേപണത്തെ സംബന്ധിച്ചുള്ള സാങ്കേതിക വിവരങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച രാവിലെയാണ് രഹസ്യമായി വിക്ഷേപണം നടന്നത്.
അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഉപഗ്രഹ വിക്ഷേപം. കൊവിഡ്-19 പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വരസ്യം ഒന്നു കൂടെ കൂടിയിരുന്നു. 80000 ത്തിലേറെ പേര്‍ക്ക് കൊവിഡ് പിടിപെട്ട സാഹചര്യത്തിലും ഇറാനുമേലുള്ള വിലക്കുകള്‍ എടുത്തുമാറ്റാത്ത അമേരിക്കയുടെ നയത്തെ മെഡിക്കല്‍ തീവ്രവാദമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചിരുന്നത്.
ഇറാന്റെ പുതിയ നീക്കത്തെക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉപഗ്രഹവിക്ഷേപണം മിസൈലുകള്‍ നിര്‍മിക്കാനുള്ള മറയാണെന്നാണ് നേരത്തെ ഇറാന്‍ ഉപഗ്രഹ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ അമേരിക്ക ആരോപിച്ചത്.
കഴിഞ്ഞ ആഴ്ച ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അമേരിക്കന്‍ നാവിക സേനയുമായി മുഖാമുഖം ഗള്‍ഫ് മേഖലയില്‍ മുഖാമുഖം എത്തിയത് വിവാദമായിരുന്നു. സൈനിക ഹെലികോപ്ടറുകളുമായി സംയോജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് 6 അമേരിക്കന്‍ സൈനിക കപ്പലുകള്‍ക്കു നേരെ റെവല്യൂഷണറി ഗാര്‍ഡിന്റെ കപ്പലുകള്‍ എത്തിയത്. ഒരു ഘട്ടത്തില്‍ അമേരിക്കന്‍ കപ്പലുകളുടെ വളരെ അടുത്തേക്ക് ഇറാനിയന്‍ കപ്പലുകള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിഡ്ജ് ടു ബ്രിഡ്ജ് റേഡിയോയിലൂടെയും കപ്പലുകളുടെ ഹോണുകള്‍ മുഴക്കിയും അമേരിക്കന്‍ കപ്പലുകള്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഒരു മണിക്കൂറിനു ശേഷമാണ് ഇറാനിയന്‍ കപ്പലുകള്‍ സംഭവസ്ഥലത്തു നിന്ന് മടങ്ങിയത്. ബുധനാഴ്ചയാണ് ഇറാനിയന്‍ കപ്പലുകള്‍ അമേരിക്കന്‍ കപ്പലുകള്‍ക്കു നേരെയെത്തിയത്. ഇറാന്റെ അപകടകരമായ നീക്കമാണിതെന്ന് അമേരിക്കന്‍ സൈന്യം പ്രതികരിച്ചു.
ഇതിനു പിന്നാലെ ആണവോര്‍ജ മുങ്ങികപ്പലുകള്‍ നിര്‍മിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നതായി ഇറാന്‍ നാവിക സേന അറിയിച്ചിരുന്നു.
ജലത്തിനപ്പുറത്ത് കടലില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതെന്നാണ്് ഇറാന്‍ നാവിക സേന അറിയിച്ചത്.
‘ആണവോര്‍ജ്ജം ഉപയോഗിച്ച് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത് ഇറാന്‍ പരിഗണിക്കാതിരുന്നാല്‍ അത് അവഗണനാപരമാണ്,’ ഇറാന്‍ നാവിക സേന ക്യാപ്റ്റന്‍ ഹുസൈന്‍ ഖന്‍സാദി പറഞ്ഞു.50 സൈനികരെ ഉള്‍ക്കൊള്ളുന്നതും പരുക്കന്‍ വെള്ളത്തിലൂടെ സഞ്ചരിക്കാനും കഴിവുള്ള ചില മുങ്ങിക്കപ്പലുകള്‍ ഇറാന്റെ കൈവശമുണ്ട്. എന്നാല്‍ ഇവ പരമ്പരാഗത ഊര്‍ജ്ജമാണ് ഉപയോഗിക്കുന്നത്. ഡീസല്‍-ഇലക്ട്രിക് മുങ്ങിക്കപ്പലുകളേക്കാള്‍ ആണവോര്‍ജ മുങ്ങിക്കപ്പലുകള്‍ക്ക് പ്രവര്‍ത്തന ശേഷിയുണ്ടാവും. കാരണം ഇവയ്ക്ക് ഇടയ്ക്കിടെ ഇന്ധനം നിറയ്ക്കേണ്ട ആവശ്യമില്ല. ഒപ്പം കുറേ കാലത്തേക്ക് പ്രവര്‍ത്തനക്ഷമതയുമുണ്ടാവും.
കൊവിഡ്-19 നിയന്ത്രണവിധേയമായി വരുന്നകിനിടയിലാണ് ഇറാന്റെ നീക്കം. രാജ്യത്തെ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളില്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി കഴിഞ്ഞ ദിവസം ഇളവ് പ്രഖ്യാപിച്ചിരുന്നു. 84802 ത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 5297 പേര്‍ ഇറാനില്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.