| Tuesday, 9th June 2020, 2:23 pm

ഖാസിം സുലൈമാനിയുടെ കൊലപാതകത്തിലുള്‍പ്പെട്ട അമേരിക്കന്‍ ചാരനെ ഉടന്‍ വധിക്കുമെന്ന് ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ വിവരങ്ങള്‍ അമേരിക്കക്കും ഇസ്രാഈല്‍ ഇന്റലിജന്‍സിനും കൈമാറിയ ഇറാനിയന്‍ പൗരനെ ഉടന്‍ വധിക്കുമെന്ന് ഇറാന്‍ നിയമകാര്യ വക്താവ്.

ശത്രുക്കള്‍ക്ക് സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് ഇറാന്‍ പൗരനായ മഹ്മൂദ് മൗസവി മജ്ദ് എന്ന സി.ഐ.എ ചാരനാണെന്നും ഇറാന്‍ നിയമകാര്യ വക്താവ് ഖൊലാംഹുസ്സൈന്‍ ഇസ്‌മൈലി വ്യക്തമാക്കുന്നു.

‘സി.ഐ.എ ചാരനായ മഹ്മൂദ് മൗസവി മജ്ദിനെ വധശിക്ഷയ്ക്ക് വിധിക്കുകയാണ്. രക്തസാക്ഷിയായ സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ നമ്മുടെ ശത്രുക്കള്‍ക്ക് നല്‍കിയത് ഇയാളാണ്,’ ഖൊലാംഹുസ്സൈന്‍ ഇസ്‌മൈലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2020 ജനുവരി മൂന്നിനാണ് ഇറാനിയന്‍ രഹസ്യ സേനാ കമാന്‍ഡറായ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ബാഗ്ദാദിലെ എയര്‍പോര്‍ട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെടുന്നത്.

സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെ ആക്രമണം നടത്തിയിരുന്നു.

ഇറാന്റെ സൈനിക വളര്‍ച്ചയില്‍ നിര്‍ണായ പങ്കു വഹിച്ചയാളായിരുന്നു കൊല്ലപ്പെട്ട കമാന്‍ഡര്‍ സുലൈമാനി. 2011 ല്‍ സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സൈനിക പിന്തുണ നല്‍കല്‍, ഇറാഖിലെ ഷിയ സഖ്യവുമായി കൈകോര്‍ക്കല്‍, ലെബനനിലെ ഹിസ്ബൊള്ള സേനയുമായുള്ള സൗഹൃദം തുടങ്ങി തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ അമരക്കാരനുമായിരുന്നു സുലൈമാനി.

ഇറാന്‍ സേനയായ ഖുദ്സ് ഫോഴ്സിന്റെ തലപ്പത്തേക്ക് 1998 ലാണ് സുലൈമാനി വരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇറാന്റെ പശ്ചിമേഷ്യയിലുള്ള ദ്രുത വളര്‍ച്ചയില്‍ ഇസ്രഈലും സൗദി അറേബ്യയും ആശങ്കയിലായിരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇദ്ദേഹത്തെ വകവരുത്താന്‍ നിരവധി തവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more