സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ഫലം കണ്ടു; ഇറാനില്‍ മൂന്ന് യുവാക്കളുടെ വധശിക്ഷ നിര്‍ത്തി വെച്ചു
World News
സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ഫലം കണ്ടു; ഇറാനില്‍ മൂന്ന് യുവാക്കളുടെ വധശിക്ഷ നിര്‍ത്തി വെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th July 2020, 9:05 am

തെഹ്‌രാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേര്‍ക്ക് ആശ്വാസം. മൂന്ന് ഇറാനിയന്‍ യുവാക്കളുടെ വധശിക്ഷ സുപ്രീം കോടതി നിര്‍ത്തി വെച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശകത്മായ സാഹചര്യത്തിലാണ് കോടതി ഉത്തരവ്

ഇറാനിലെ സമൂഹമാധ്യമങ്ങളില്‍ ഇവരുടെ വധശിക്ഷയ്ക്കതിരെ 75 ലക്ഷത്തോളം ഹാഷ്ടാഗുകളാണ് പ്രത്യക്ഷപ്പെട്ടത്. രാജ്യത്തെ നിരവധി പ്രമുഖര്‍ ക്യാമ്പയിനെ പിന്തുണച്ചു. യുവാക്കള്‍ക്കെതിരെയുള്ള കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി.

അമിര്‍ഹുസൈന്‍ മൊറാദി, മൊഹമ്മദ് റജാബി, സയീദ് തമിജി എന്നീ യുവാക്കളുടെ വധശിക്ഷയാണ് നിര്‍ത്തി വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം
നവംബറില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാണ് ഇവര്‍ അറസ്റ്റിലാവുന്നത്. ഇറാനിലെ പെട്രോള്‍ വില കൂട്ടിയതിനെതിരെയായിരുന്നു നവംബറില്‍ വന്‍ജനകീയ പ്രക്ഷോഭം നടന്നത്. രാജ്യത്തെ പട്ടിണി, സാമ്പത്തിക , പ്രതിസന്ധി തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ഇറാനിലെ 21 നഗരങ്ങളിലായി നടന്ന പ്രക്ഷോഭത്തിനു നേരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 106 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ആംനസ്റ്റി
ഇന്റര്‍നാഷണലിന്റെ കണക്കുകളില്‍ പറഞ്ഞിരുന്നത്. പ്രക്ഷോഭം തുടങ്ങി ആറു ദിവസം പിന്നിടുമ്പോഴാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചത്. പ്രക്ഷോഭത്തിനു നേരെ മാരകായുധാക്രമണങ്ങളാണ് ഇറാനിയന്‍ സൈന്യം നടത്തുന്നത് എന്നും ആരോപണമുണ്ടായിരുന്നു. വിഷയത്തില്‍ ആശങ്കയുണ്ടെന്ന് യു.എന്നും അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ