|

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പിടികൂടാൻ ഇറാൻ ഡ്രോണുകളും ആപ്പുകളും ഉപയോഗിക്കുന്നു; യു.എൻ റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാൻ: ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ ഇറാൻ ഡ്രോണുകളും ആപ്പുകളും ഉപയോഗിക്കുന്നതായി യു.എൻ റിപ്പോർട്ട്. നിർബന്ധിത ഹിജാബ് നിയമങ്ങൾ സ്ത്രീകൾ പാലിക്കുന്നുണ്ടോ എന്നറിയുന്നതിനായി ഇറാൻ ഏരിയൽ ഡ്രോണുകൾ, മുഖം തിരിച്ചറിയൽ സംവിധാനങ്ങൾ, സിറ്റിസൺ റിപ്പോർട്ടിങ് ആപ്പ് എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കി.

ഇറാനിയൻ പൊലീസ് പുറത്തിറക്കിയ നസർ എന്ന പുതിയ മൊബൈൽ ആപ്പ് വഴി പൗരന്മാർക്ക് മൂടുപടമില്ലാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്നു. നസർ മൊബൈൽ ആപ്ലിക്കേഷൻ വഴി ഹിജാബ് ധരിക്കാത്ത സ്ത്രീകൾ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ്, സ്ഥലം, സമയം എന്നിവ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നു. തുടർന്ന് ആപ്പ് വഴി ഈ വിവരങ്ങൾ പോലീസിനെ അറിയിക്കാനും സാധിക്കുമെന്ന് യു.എൻ റിപ്പോർട്ട് പറയുന്നു.

വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമയ്ക്ക് ആപ്പ് തത്സമയം ഒരു സന്ദേശം അയക്കുകയും ചെയ്യും. നിർബന്ധിത ഹിജാബ് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്നും ഈ മുന്നറിയിപ്പുകൾ അവഗണിച്ചാൽ അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നുമാണ് സന്ദേശം.
ഇറാനിയൻ പൊലീസിന്റെ (FARAJA) വെബ്‌സൈറ്റ് എന്ന് ചുരുക്കി വിളിക്കുന്ന ഈ ആപ്പ്, 2024 സെപ്റ്റംബറിലാണ് വികസിപ്പിച്ചത്. ആംബുലൻസുകളിലും ടാക്സികളിലും പൊതുഗതാഗതത്തിലും എല്ലാം ഈ ആപ്പ് സ്ഥാപിച്ചിട്ടുമുണ്ട്.

അതേസമയം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും തെക്കൻ ഇറാനിലും പൊതു ഇടങ്ങൾ നിരീക്ഷിക്കുന്നതിനും പൊതു ഇടങ്ങളിൽ ഹിജാബ് നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന നിരീക്ഷിക്കാനും അധികാരികൾ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്നും യു.എൻ ഗവേഷകർ കണ്ടെത്തി. 2024 ന്റെ തുടക്കത്തിൽ ടെഹ്‌റാനിലെ അമീർകബീർ സർവകലാശാലയുടെ പ്രവേശന കവാടത്തിൽ, വനിതാ വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയറിന് പുറമേയാണ് ഈ ഡ്രോൺ സംവിധാനവുമെന്ന് റിപ്പോർട്ട് പറയുന്നു.

നിർബന്ധിത ഹിജാബ് നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയാൽ നിയമം പാലിക്കാത്തതിന് 10 വർഷം വരെ തടവും 12,000 ഡോളറിന് തുല്യമായ പിഴയും ലഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

2022 സെപ്റ്റംബറിൽ സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ 22 കാരിയായ മഹ്‌സ അമിനി മരിച്ചതിനെത്തുടർന്ന് ഇറാന്റെ നിർബന്ധിത ഹിജാബ് നിയമത്തിനും രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങൾക്കുമെതിരെ വലിയ തോതിൽ പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്ന് യു.എൻ പറഞ്ഞു.

‘2022 സെപ്റ്റംബറിൽ പ്രതിഷേധങ്ങൾ ആരംഭിച്ച് രണ്ടര വർഷത്തിന് ശേഷവും, ഇറാനിലെ സ്ത്രീകളും പെൺകുട്ടികളും നിർബന്ധിത ഹിജാബ് നിയമം അനുസരിക്കേണ്ടി വരുന്നു, അവർ വളരെയധികം വിവേചനം നേരിടുന്നു,’ റിപ്പോർട്ട് പറഞ്ഞു.

Content Highlight: Iran is using drones and apps to catch women who aren’t wearing hijabs, says UN report