ടെഹ്‌റാന്‍: ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫക്രീസാദെയെ കൊലപ്പെടുത്തിയതില്‍ ഇറാന്‍ സൈന്യത്തിലെ ഒരംഗത്തിനും പങ്കുണ്ടെന്ന് ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി മഹ്മൂദ് അലവി.
നവംബറില്‍ ആക്രമണം നടക്കുന്നതിന് രണ്ട് മാസം മുന്‍പ് ഇന്റലിജന്‍സ് വിവരം കൈമാറിയിരുന്നെന്നും പക്ഷേ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ സൈന്യം പരാജയപ്പെട്ടെന്നും ഒരു ടെലിവിഷന്‍ ചാനലില്‍ അലവി പറഞ്ഞു.
സൈന്യത്തിന് എവിടെവച്ച് ഫക്രീസാദെ കൊല്ലപ്പെടുമെന്ന വിവരം ഉള്‍പ്പെടെ നല്‍കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് ദിവസം മുന്‍പ് വിവരം കൈമാറിയിരുന്നുവെന്നാണ് അലവി പറയുന്നത്.
” ആക്രമണത്തെകുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രതിനിധിയെ വെക്കണമെന്ന് സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു,” അലവി കൂട്ടിച്ചേര്‍ത്തു.
ആക്രമണം നടക്കുമെന്ന സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും എന്നാണ് ആക്രമണത്തിന് പദ്ധതിയിട്ടത് എന്ന വിവരം ഇന്റലിജന്‍സിന് ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റലിജന്‍സ് മന്ത്രിയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയ്ക്കാണ് ഇറാനില്‍ തുടക്കമിട്ടിരിക്കുന്നത്.
2020 നവംബര്‍ 27നാണ് ഫക്രീസാദെ കൊല്ലപ്പെടുന്നത്. ആക്രമണത്തിന് പിന്നാല്‍ ഇസ്രഈല്‍ ആണെന്നായിരുന്നു ഇറാന്‍ പറഞ്ഞത്.
ടെഹ്റാന് സമീപം കാറിന് ഫക്രീസാദെ സഞ്ചരിച്ച കാറിന് നേരെയായിരുന്നു ആക്രമണം നടന്നത്.
ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദെയെ കൊലപ്പെടുത്തിയത് ഇസ്രഈല്‍ രഹസ്യാന്വേഷണ ഏജന്‍സിയാണെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ദി ജ്യൂയിഷ് ക്രോണിക്കിള്‍ എന്ന പത്രം പുറത്തുവിട്ടിരുന്നു.
മൊസാദ് ഇറാനിലേക്ക് രഹസ്യമായെത്തിച്ച തോക്കുപയോഗിച്ചാണ് ഫക്രിസാദെയെ വെടിവെച്ചു വീഴ്ത്തിയതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 20 പേരായിരുന്നു ഫക്രിസാദെയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഇസ്രഈല്‍ പൗരന്മാരും ഇറാന്‍ പൗരന്മാരും ഉണ്ടായിരുന്നു.
എട്ട് മാസത്തോളം ഫക്രിസാദെയെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച ശേഷമാണ് സംഘം ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രഈല്‍ മാത്രമാണ് ഈ ദൗത്യത്തില്‍ പങ്കാളികളായിരുന്നതെന്നും എന്നാല്‍ അമേരിക്കയെ വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.