ടെഹ്‌റാന്‍: ആണവ പരീക്ഷണങ്ങള്‍ക്ക് അന്താരാഷ്ട്ര മേല്‍നോട്ടം അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചതായി ഐക്യരാഷ്ട്ര സഭ.
ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ചീഫ് റാഫേല്‍ ഗ്രോസിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ അന്താരാഷ്ട്ര മേല്‍ നോട്ടത്തിന് വീണ്ടും അനുമതി നല്‍കി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മുന്ന് മാസത്തേക്ക് മേല്‍നോട്ടം അനുവദിക്കുമെന്നാണ് ഇറാന്‍ പറഞ്ഞത്.
” ഞങ്ങള്‍ താത്ക്കാലികമായി ഒരു ഉഭയകക്ഷി ധാരണയിലെത്തിയിട്ടുണ്ട്. ഇതുപ്രകാരം അടുത്ത മൂന്ന് മാസത്തേക്ക് താത്ക്കാലിക നിരീക്ഷണങ്ങള്‍ തുടരും,” ഗ്രോസി പറഞ്ഞു.
ആണവശാസ്ത്രജ്ഞന്‍ ഫക്രീസാദെയുടെ കൊലപാതകത്തിന് പിന്നാലെ ആണവ പരീക്ഷണങ്ങളില്‍ അന്താരാഷ്ട്ര മേല്‍നോട്ടം ഇനി അനുവദിക്കില്ല എന്ന് ഇറാന്‍ പറഞ്ഞിരുന്നു.
ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താത്ക്കാലികമായി അന്താരാഷ്ട്ര മേല്‍നോട്ടം അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം 2015ലെ ആണവകരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇറാനുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചിരുന്നു.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇപ്പോള്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.
ആണവ കരാറില്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ജെ.സി.പി.ഒ.എ കരാറിലേക്ക് തിരിച്ചെത്താനുള്ള ജോ ബൈഡന്റെ തീരുമാനത്തെ കുറിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ സംസാരിച്ചത്.
ആണവ കരാര്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ഇറാന്‍ തയ്യാറാണെങ്കില്‍ കരാറിലേക്ക് മടങ്ങിയെത്താന്‍ അമേരിക്കയും തയ്യാറാണെന്നാണ് ബ്ലിങ്കണ്‍ അറിയിച്ചത്. കരാറില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങളുമായുള്ള ചര്‍ച്ചക്ക് തയ്യാറാണെന്നും ബ്ലിങ്കണ്‍ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Iran, IAEA agree to nuclear inspection deal with less access