പാരിസ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗീസ് മുഹമ്മദിയെ എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ഇറാനിയന്‍ കോടതി. തടവുശിക്ഷക്ക് പുറമെ 70 ചാട്ടവാറടി ശിക്ഷയും മുഹമ്മെദിക്ക് കോടതി വിധിച്ചു.
സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍ഡേഴസ് ഇന്‍ ഇറാന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് നര്‍ഗീസ് മുഹമ്മദി.
മുഹമ്മെദിയുടെ ഭര്‍ത്താവ് താഘി റഹ്മാനിയാണ് ഞായറാഴ്ച ഇക്കാര്യം തുറന്നുപറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
നവംബറിലായിരുന്നു മുഹമ്മദിയെ അറസ്റ്റ് ചെയ്തത്. അഞ്ച് മിനിട്ട് മാത്രം നീണ്ടുനിന്ന വിചാരണക്ക് ശേഷമാണ് മുഹമ്മദിയെ കോടതി ശിക്ഷിച്ചത് എന്നും ഫ്രാന്‍സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റഹ്മാനി പറഞ്ഞു.
എന്തായിരുന്നു മുഹമ്മദിക്ക് മേല്‍ നിലനിന്നിരുന്ന കുറ്റം എന്നോ കോടതി വിധി സംബന്ധിച്ച വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല.
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവായ ഇറാനിയന്‍ ആക്ടിവിസ്റ്റ് ഷിറിന്‍ എബാദിയുടെ സഹപ്രവര്‍ത്തക കൂടിയായ മുഹമ്മദിയെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇറാനിയന്‍ ഭരണകൂടം തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്ന സംഭവങ്ങളുണ്ടായിരുന്നു.
എന്നാല്‍ 2020 ഒക്ടോബറില്‍ ജയില്‍ മോചിതയായെങ്കിലും 2021 നവംബറില്‍ മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇറാനില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ നിരന്തരം സംസാരിച്ചിരുന്നയാളായിരുന്നു മുഹമ്മദി. ഇറാനിലെ ഇസ്‌ലാമിക് സിസ്റ്റത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് മുമ്പും ഇവര്‍ക്ക് ഇറാനില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്.