പ്രതിഷേധക്കാര്‍ക്കെതിരെ ഭരണകൂട സ്‌പോണ്‍സേര്‍ഡ് റാലി നടത്തി ഇറാന്‍; പ്രക്ഷോഭകരെ വധിക്കണമെന്ന് ആഹ്വാനം
World News
പ്രതിഷേധക്കാര്‍ക്കെതിരെ ഭരണകൂട സ്‌പോണ്‍സേര്‍ഡ് റാലി നടത്തി ഇറാന്‍; പ്രക്ഷോഭകരെ വധിക്കണമെന്ന് ആഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th September 2022, 8:08 pm

ടെഹ്റാന്‍: ഹിജാബ് ഡ്രസ് കോഡിന്റെ പേരില്‍ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലിരിക്കെ യുവതി മരിച്ച സംഭവത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ നേരിട്ട് ഇറാന്‍ സര്‍ക്കാര്‍. വെള്ളിയാഴ്ച വിവിധ ഇറാനിയന്‍ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സംഘടിപ്പിച്ച റാലികള്‍ നടന്നെന്ന് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് സര്‍ക്കാര്‍ അനുകൂല മാര്‍ച്ചുകള്‍ നടന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ‘ഇസ്രാഈലിന്റെ സൈനികര്‍’ എന്നാണ് ഇവര്‍ പറയുന്നത്.
‘ഖുര്‍ആനെ എതിര്‍ക്കുന്നവരെ വധിക്കണം’ എന്നും ഇവര്‍ മുദ്രാവാക്യമുയര്‍ത്തി.

കാര്യമായും സ്ത്രീകളെ സംഘടിപ്പിച്ചാണ് സര്‍ക്കാര്‍ അനുകൂല മാര്‍ച്ച് സംഘടിപ്പിച്ചത്. സ്റ്റേറ്റ് ടെലിവിഷന്‍ ചാനലുകള്‍ ഈ മാര്‍ച്ച് തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. നേരത്തെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധനം അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

അതിനിടെ സെന്‍ട്രല്‍ നഗരമായ ഇസ്ഫഹാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടലുകളുണ്ടായെന്ന് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹ്‌സ അമിനി എന്ന 22കാരിയായിരുന്നു സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ഇറാനില്‍ കാല്ലപ്പെട്ടത്. ഹിജാബുമായി ബന്ധപ്പെട്ടായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.
വാനില്‍ വെച്ച് മഹ്‌സയെ പൊലീസ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ‘ശരിയായ രീതിയില്‍’ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.

പൊലീസ് മര്‍ദനമേറ്റ് കോമയിലായതിന് പിന്നാലെയായിരുന്നു മരണം. അറസ്റ്റിന് പിന്നാലെ മഹ്സയ്ക്ക് പൊലീസ് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം.

സ്ത്രീകളുള്‍പ്പെടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പ്രദേശത്ത് നടത്തുന്നത്. ഹിജാബ് ധരിക്കാത്തത് നിയമപ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നിരിക്കെ ഹിജാബ് വലിച്ചൂരിയും മുടി മുറിച്ചുമാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്.