തെഹരാന്‍: ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സൂചന നല്‍കി ഇറാന്‍.
ഇറാനില്‍ അപൂര്‍വ്വമായി മാത്രം ഉയരുന്ന പ്രതികാരത്തിന്റെ പ്രതിബിംബമായ ചുവന്ന പതാക വിശുദ്ധ നഗരമായ ജംകരനിലെ പള്ളിയില്‍ ഉയര്‍ന്നു. ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിശുദ്ധ നഗരമായ ജംകരനില്‍ ചുവന്ന പതാക ഉയരുന്നത്.
ഇറാനിയന്‍ ജനതയുടെ ആത്മാഭിമാനത്തിന്റെയും തിരിച്ചടിക്കലിന്റെയും പ്രതീകമാണ് ഈ ചുവന്ന പതാക.
7ാം നൂറ്റാണ്ടിലാണ് ഇറാനില്‍ ആദ്യമായി ഈ പതാക ഉയര്‍ത്തിയത്. അല്‍ ഹുസൈന്‍ ഇബ്‌നു അലിയുടെ വധത്തിനെതിരെ നടന്ന കര്‍ബാല യുദ്ധത്തിനു ശേഷമാണ് ഇറാനില്‍ ആദ്യമായി ഈ പതാക ഉയരുന്നത്.
ഹുസൈന്റെ ചോരയ്ക്ക് പ്രതികാരം എന്ന് അറബിയില്‍ രേഖപ്പെടുത്തിയ ഈ പതാക ഇപ്പോള്‍ ഉയര്‍ത്തിയത് ഇറാന്‍ യുദ്ധത്തിന് മുതിരുന്നു എന്നതിന്റെ സൂചന കൂടിയാണ്.
ഇത്തരം ചുവന്ന പതാകകള്‍ ഇറാനിലെ മറ്റു പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
സുലൈമാനിയുടെ മരണത്തില്‍ കനത്ത പ്രതിഷേധമാണ് ഇറാനില്‍ നടന്നു വരുന്നത്. അമേരിക്കയുടെയും ഇസ്രഈലിന്റെയും പതാകകള്‍ പ്രതിഷേധത്തില്‍ നശിപ്പിക്കപ്പെട്ടു.
ഗാസയിലും സുലൈമാനിയുടെ കൊലപാതകത്തില്‍ പ്രതിഷേധം നടന്നു. കൊല്ലപ്പെട്ട ഖാസിം സുലൈമാനിക്ക് ഇറാനു പുറത്തുള്ള പശ്ചിമേഷ്യന്‍ മേഖലകളിലും ശക്തമായ സ്വാധീനമുള്ളതിനാല്‍ എവിടെ നിന്നും യു.എസ് ആക്രമണം പ്രതീക്ഷിക്കുന്നുണ്ട്.