തെഹ്‌രാന്‍: മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിന് പകരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വന്തം രാജ്യത്തെ കൊവിഡില്‍ നിന്ന് രക്ഷിക്കുന്നതില്‍ ശ്രദ്ധ കൊടുക്കണമെന്ന് ഇറാന്‍. ഇറാന്‍ സൈനിക പ്രതിനിധിയാണ് ട്രംപിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
അമേരിക്കന്‍ കപ്പലുകള്‍ക്കെതിരെ വരുന്ന ഏത് ഇറാനിയന്‍ സൈനിക കപ്പലിനെയും വെടിവെച്ചിടണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഇറാന്‍ സേനയുടെ പ്രതികരണം. ഗള്‍ഫ് മേഖലയില്‍ വെച്ച് അമേരിക്കന്‍ സൈനിക കപ്പലുകളെ ലക്ഷ്യം വെച്ച് ഇറാനിയന്‍ സൈനിക കപ്പലുകള്‍ എത്തിയതിനു പിന്നാലെയാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
‘മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിനു പകരം അമേരിക്ക കൊവിഡ് ബാധിച്ച അവരുടെ സൈന്യത്തെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്,’ ബ്രിഗേഡിയര്‍ ജനറല്‍ അബൊല്‍ഫസല്‍ ഷെകര്‍ജി പറഞ്ഞു.
ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ ഐ.എസ്.എന്‍.എയോടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
അതേ സമയം ട്രംപിന്റെ ട്വീറ്റ് ഇറാനുള്ള സന്ദേശമായാണ് കരുതുന്നതെന്നും ഇതുവരെ ആക്രമണത്തിന് സൈന്യത്തിന് ഉത്തരവ് നല്‍കിയിട്ടില്ലെന്നും യു.എസ് സൈനിക കേന്ദ്രമായ പെന്റഗണ്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അമേരിക്കന്‍ നാവിക സേനയുമായി ഗള്‍ഫ് മേഖലയില്‍ മുഖാമുഖം എത്തിയത് വിവാദമായിരുന്നു. സൈനിക ഹെലികോപ്ടറുകളുമായി സംയോജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് 6 അമേരിക്കന്‍ സൈനിക കപ്പലുകള്‍ക്കു നേരെ റെവല്യൂഷണറി ഗാര്‍ഡിന്റെ കപ്പലുകള്‍ എത്തിയത്. ഒരു ഘട്ടത്തില്‍ അമേരിക്കന്‍ കപ്പലുകളുടെ വളരെ അടുത്തേക്ക് ഇറാനിയന്‍ കപ്പലുകള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിഡ്ജ് ടു ബ്രിഡ്ജ് റേഡിയോയിലൂടെയും കപ്പലുകളുടെ ഹോണുകള്‍ മുഴക്കിയും അമേരിക്കന്‍ കപ്പലുകള്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഒരു മണിക്കൂറിനു ശേഷമാണ് ഇറാനിയന്‍ കപ്പലുകള്‍ സംഭവസ്ഥലത്തു നിന്ന് മടങ്ങിയത്. ഇറാന്റെ അപകടകരമായ നീക്കമാണിതെന്ന് അമേരിക്കന്‍ സൈന്യം പ്രതികരിച്ചു.
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47000 കടന്നു. 24 മണിക്കൂറിനിടെ 2219 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 852000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്
84802 ത്തിലേറെ പേര്‍ക്കാണ് ഇറാനില്‍ കൊവിഡ് ബാധിച്ചത്. 5297 പേര്‍ ഇറാനില്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.രാജ്യത്തെ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളില്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി കഴിഞ്ഞ ദിവസം ഇളവ് പ്രഖ്യാപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.