പ്രസിഡന്റിന് വേണ്ടി പ്രാര്‍ത്ഥിക്കണം; സ്ഥിതിഗതികള്‍ ആശങ്കാജനകമെന്ന് ഇറാന്‍
World News
പ്രസിഡന്റിന് വേണ്ടി പ്രാര്‍ത്ഥിക്കണം; സ്ഥിതിഗതികള്‍ ആശങ്കാജനകമെന്ന് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2024, 9:47 pm

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സ്ഥലത്ത് സുരക്ഷാ സംഘം എത്തിയെങ്കിലും കനത്ത മഴയും മൂടൽ മഞ്ഞും മോശം കാലാവസ്ഥയും കാരണം രക്ഷാ പ്രവർത്തനം തടസപ്പെട്ടതായി ഇറാൻ. സ്ഥിതി​ഗതികൾ ആശങ്കാജനകമെന്നും പ്രസിഡന്റിന് വേണ്ടി പ്രാർത്ഥിക്കണമെന്നും ഇറാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇതോടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ റഈസിക്ക് വേണ്ടി പ്രാർത്ഥന തുടരുകയാണ്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്കയും അറിയിച്ചു. പ്രസിഡന്റിനെ അനു​ഗമിച്ച മറ്റൊരു ഹെലികോപ്റ്ററും അപകടത്തിൽ പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തരമായി നിലത്തേക്ക് ഇടിച്ചിറക്കേണ്ടി വന്നത്. ഇറാനിലെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫയിൽ വെച്ചാണ് ഹെലിക്കോപ്റ്റർ അപകടത്തിൽ പെട്ടത്.

ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു. ഇറാനിലെ പ്രാദേശിക സമയം വൈകിട്ട് അഞ്ചോടെയാണ് അപകടം ഉണ്ടായത്.

സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ഹെലിക്കോപ്റ്റർ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നുവെന്ന് പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു.
മൂടൽ മഞ്ഞിനെ തുടർന്നുള്ള മോശം കാലാവസ്ഥ കാരണം രക്ഷാ സംഘം സ്ഥലത്തെത്താൻ സമയമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അമീർ വാഹിദിയും അറിയിച്ചിട്ടുണ്ട്.

വനവും പർവതവും നിറഞ്ഞ മേഖലയായ ദിസ്മർ സംരക്ഷിത മേഖലയിലാണ് പ്രസിഡൻ്റിൻ്റെ ഹെലികോപ്റ്റർ തകർന്നതെന്ന് കരുതുന്നതായി സർക്കാർ വാർത്താ വെബ്‌സൈറ്റ് ഐ.ആർ.എൻ.എ അറിയിച്ചു.

Content Highlight: Iran helicopter accident: Fars News Agency calls on Iranians to pray for President Raisi