| Thursday, 14th November 2024, 6:12 pm

ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കുന്നതിനായി ക്ലിനിക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കണമെന്ന ഇറാനിലെ നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇറാന്‍ ഗവണ്‍മെന്റ്.

‘ഹിജാബ് റിമൂവല്‍ ട്രീറ്റ്മെന്റ് ക്ലിനിക്’ എന്ന് പേരിട്ടിരിക്കുന്ന ചികിത്സാ കേന്ദ്രം തുറക്കുന്ന കാര്യം ടെഹ്റാന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ വനിതാ കുടുംബ വിഭാഗം മേധാവി മെഹ്രി തലേബി ദരസ്താനിയാണ് പ്രഖ്യാപിച്ചത്. ഈ ക്ലിനിക്കില്‍ വെച്ച് ഹിജാബ് നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രീയവും മാനസികവുമായ രീതികള്‍ പഠിപ്പിക്കുമെന്ന് ദരസ്താനി പറഞ്ഞു.

അതേസമയം ഇറാന്‍ ഗവണ്‍മെന്റിന്റെ ഈ നീക്കത്തിനെതിരെ ഇറാനിയന്‍ സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും വലിയ രീതിയിലുള്ള വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ഹിജാബ് നിയമങ്ങള്‍ അനുസരിക്കാത്ത സ്ത്രീകളെ ചികിത്സിക്കുന്നതിനായി ഒരു ക്ലിനിക്ക് എന്ന ആശയം ഇസ്‌ലാമികമല്ലെന്നും, അത് ഇറാനിലെ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയതല്ലെന്നും മനുഷ്യാവകാശ അഭിഭാഷകനായ ഹൊസൈന്‍ റയീസി അറിയിച്ചു.

പരമോന്നത നേതാവ് അലി ഖമനേനിയുടെ അധികാരത്തിന് കീഴില്‍ പുണ്യം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ടെഹ്റാന്‍ ആസ്ഥാനത്തെ വനിതാ കുടുംബ വകുപ്പ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത് ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇതൊരു ക്ലിനിക്കല്ല, ജയിലായിരിക്കും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനും വൈദ്യുതി മുടങ്ങാതിരിക്കാനും ഞങ്ങള്‍ കഷ്ടപ്പെടുകയാണ്. എന്നാല്‍ സര്‍ക്കാരിന്റെ ആശങ്ക ഒരു തുണിക്കഷ്ണത്തിലാണ്. തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കാന്‍ ഒരു ശരിയായ സമയമുണ്ടെങ്കില്‍ അത് ഇതാണ്. അല്ലാത്തപക്ഷം അവര്‍ നമ്മളെ പൂട്ടിയിടും,’ പേര് വെളിപ്പെടുത്താത്ത ഒരു ഇറാനിയന്‍ യുവതി പ്രതികരിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ടെഹ്റാന്‍ സയന്‍സ് റിസര്‍ച്ച് സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥിനി ഇറാന്‍ ഭരണകൂടത്തിന്റെ ഹിജാബ് നിയന്ത്രണത്തിനെതിരെ അടിവസ്ത്രം ധരിച്ച് പ്രതിഷേധിച്ചിരുന്നു.

2022ല്‍ കൊല്ലപ്പെട്ട ഇറാന്‍ സദാചാരപൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട മഹ്സ അമിനിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധം കൂടിയായിരുന്നു വിദ്യാര്‍ത്ഥിനിയുടേത്. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഖുര്‍ദിഷ് വംശജയായ മഹ്‌സയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കസ്റ്റഡിയില്‍ വെച്ച് മഹ്‌സ കൊല്ലപ്പെടുകയും ചെയ്തു.

വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അടിവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥിനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്കെതിരെ ഇറാന്‍ പൊലീസ് നടപടിയെടുക്കുകയും ചെയ്തു. പിന്നീട് യുവതിയെ മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Iran has set up clinics to treat women who violate hijab laws

We use cookies to give you the best possible experience. Learn more