| Friday, 29th December 2023, 5:52 pm

മൊസാദുമായി ചേർന്ന് ഇസ്രഈലിന് വേണ്ടി ചാരപ്രവർത്തനം; തടവിൽ കഴിയുന്ന നാല് പൗരന്മാരെ ഇറാൻ വധിച്ചതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇസ്രഈലി ചാരസംഘടനയായ മൊസാദുമായി ബന്ധപ്പമുണ്ടെന്ന് ആരോപിച്ച് ശിക്ഷിക്കപ്പെട്ട നാല് പൗരന്മാരെ ഇറാന്‍ വധിച്ചതായി റിപ്പോര്‍ട്ട്. ഒരു സ്ത്രീയടക്കമുള്ള നാലു ആളുകളെ സര്‍ക്കാര്‍ വധശിക്ഷക്ക് വിധിച്ചുവെന്ന് ഇറാന്‍ ജുഡീഷ്യറിയുമായി ബന്ധമുള്ള സ്രോതസുകള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈല്‍ ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു അട്ടിമറി കേസില്‍ ഇറാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ വെസ്റ്റ് അസര്‍ബൈജാനില്‍ നിന്നുള്ള നാല് പേരെ കോടതി ശിക്ഷിച്ചിരുന്നു. ഇവരെ വെള്ളിയാഴ്ച രാവിലെ തൂക്കിലേറ്റിയതായി ജുഡീഷ്യറിയുടെ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു.

വഫ ഹനാരെഹ്, അരാം ഒമാരി, റഹ്‌മാന്‍ പര്‍ഹാസോ എന്നീ മൂന്ന് പുരുഷന്മാരും നസിം നമാസി എന്ന സ്ത്രീയുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതെന്ന് മിസാന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മൊഹരെബെഹ് എന്ന കുറ്റത്തിനാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടതെന്ന് ഇറാന്‍ സര്‍ക്കാര്‍ പറയുന്നു. അതായത് നാല്‍വര്‍ സംഘം ദൈവത്തിനെതിരെ യുദ്ധം ചെയ്തതായും സയണിസ്റ്റ് ഭരണകൂടവുമായുള്ള സഹകരണം വഴി ഭൂമിയില്‍ അഴിമതി നടത്തിയതായും ഇറാന്‍ പറഞ്ഞു. മൊസാദിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച നാല്‍വരും രാജ്യത്തിന്റെ സുരക്ഷക്കും താത്പര്യത്തിനുമെതിരെ സംഘടിച്ചതായും ഇറാന്‍ കുറ്റപ്പെടുത്തി.

രഹസ്യവിവരം കണ്ടെത്താന്‍ ഇറാനിയന്‍ സുരക്ഷാ സേനയെ തട്ടിക്കൊണ്ടുപോയതിനും ഏതാനും ഏജന്റുമാരുടെ കാറുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും തീവെച്ചതിനും ഈ നാല് പേര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇതേ കേസില്‍ ഉള്‍പ്പെട്ട മറ്റു ചിലരെ 10 വര്‍ഷം വീതം തടവിന് ശിക്ഷിച്ചതായി മിര്‍സാന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരം ലഭ്യമല്ലെന്നും വാര്‍ത്താ ഏജന്‍സി പറയുന്നു.

മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ചതില്‍ കുറ്റവാളിയായ ഒരാളെ ഇറാനിലെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍ ബലൂചിസ്ഥാനില്‍ വെച്ച് ഇറാനിയന്‍ സൈന്യം വധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Iran has reportedly executed four citizens convicted of espionage with Israel

We use cookies to give you the best possible experience. Learn more