| Wednesday, 14th August 2024, 9:46 am

ഇസ്രഈലിനെ ശിക്ഷിക്കാന്‍ ഇറാന് 'നിയമപരമായ അവകാശം' ഉണ്ട്: തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രഈലിനെതിരെ നിലപാട് കടുപ്പിച്ച് ഇറാന്‍.

ടെഹ്‌റാനില്‍ വെച്ച് ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയക്കെതിരെ നടത്തിയ ആക്രമണം ഭീരുത്വപരമായിരുന്നെന്നും ആ കൊലപാതകത്തില്‍ ഇസ്രഈലിനെ ശിക്ഷിക്കാനുള്ള അവകാശം ഇറാനുണ്ടെന്നുമാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പേസഷ്‌കിയന്‍ പറഞ്ഞത്.

തിങ്കളാഴ്ച വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയേത്രോ പരോളിനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍, ഹനിയയുടെ കൊലപാതകം എല്ലാ മാനുഷിക, നിയമപരമായ തത്വങ്ങളെയും ലംഘിച്ചുകൊണ്ടുള്ളതായിരുന്നെന്നും അതില്‍ ഇസ്രഈലിനോട് പ്രതികാരം ചെയ്യാനുള്ള നിയമപരമായ അവകാശം ഇറാനുണ്ടെന്നും പേസഷ്‌കിയന്‍ പറഞ്ഞു.

അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഇസ്രഈല്‍ ഏറ്റെടുത്തിട്ടില്ല. ഇസ്രഈലുമായി നേരിട്ടല്ലാതെ നടത്തിയ ഗസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസിന്റെ സൈനിക സംഘടനയുടെ പ്രധാന വക്താവായിരുന്നു ഹനിയ. ഇറാന്‍ സന്ദര്‍ശനത്തിനിടെയാണ് ഹനിയക്കെതിരെ ആക്രമണം ഉണ്ടാകുന്നതും അദ്ദേഹം കൊല്ലപ്പെടുന്നതും.

ഇതിന് പിന്നാലെ ഇറാനും ഹമാസും ഇസ്രഈലിനെതിരെ രംഗത്തെത്തുകയും ഈ കുറ്റകൃത്യം ചെയ്തതിന് തങ്ങള്‍ പകരം വീട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അന്തര്‍ദേശീയ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച്, ആക്രമണത്തിന് വിധേയമായ ഏത് രാജ്യത്തിനും ആക്രമണം നടത്തിയവര്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശമുണ്ട് എന്നായിരുന്നു ഐ.ആര്‍.എന്‍.എ വാര്‍ത്ത ഏജന്‍സിയോട് പേസഷ്‌കിയാന്‍ പറഞ്ഞത്. നിലവില്‍ ഇസ്രഈലിന് ലഭിക്കുന്ന പാശ്ചാത്യ പിന്തുണയും അന്താരാഷ്ട്ര നിശ്ശബ്ദതയും കുറ്റകൃത്യങ്ങള്‍ തുടരാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഫുവാദ് ഷുക്രിനെ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഈ രണ്ട് കൊലപാതകങ്ങളും ഇറാനും ഇസ്രഈലും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ഇറാനോടും അതിന്റെ സഖ്യകക്ഷികളോടും ‘പ്രാദേശിക സംഘര്‍ഷങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്ന ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍’ ആഹ്വാനം ചെയ്തിരുന്നു.

പേസഷ്‌കിയനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍, യു.കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ ഇസ്രഈലിനെ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഗുരുതരമായ തെറ്റിദ്ധാരണ ഉണ്ടാകാനുള്ള ഒരു സാധ്യതയുണ്ടെന്നും ഇപ്പോള്‍ ശാന്തതയും ശ്രദ്ധാപൂര്‍വ്വമായ പരിഗണനയും ആവശ്യമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും അതേ ദിവസം പേസഷ്‌കിയനുമായി സംസാരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേരും രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാനാണ് ആഹ്വാനം ചെയ്തത്.

എന്നാല്‍ ചൊവ്വാഴ്ച, ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി ഈ ആഹ്വാനങ്ങള്‍ രാഷ്ട്രീയ യുക്തി ഇല്ലാത്തതും അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് പറഞ്ഞിരുന്നു. ഇത്തരം ആഹ്വാനങ്ങള്‍ തങ്ങള്‍ തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇറാന് തങ്ങളുടെ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ ആരുടെയും അനുമതി ആവശ്യമില്ല. ഈ രാജ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രദേശത്തെ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന വംശഹത്യകള്‍ക്കെതിരെയും അവര്‍ നടത്തുന്ന കൊലപാതങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ സംസാരിക്കുകയാണ് വേണ്ടത്,’ എന്നായിരുന്നു കനാനി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.

Content Highlight: Iran has ‘legitimate right’ to punish Israel says president

We use cookies to give you the best possible experience. Learn more