| Sunday, 20th October 2024, 7:14 pm

'ആക്രമിക്കാനാണ് ഉദ്ദേശമെങ്കില്‍ അടിത്തറയിളകും'; ഇസ്രഈലിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തിരിച്ചറിഞ്ഞതായി ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇസ്രഈലിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും കണ്ടെത്തിയതായി ഇറാന്‍. രാജ്യത്തെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതില്‍ ഈ മേഖലകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌സി പറഞ്ഞു. തുര്‍ക്കിയിലെ എന്‍.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇറാനെതിരെ ആക്രമണം നടത്തിയാല്‍ ഇസ്രഈലിന് മറുപടി കിട്ടാതിരിക്കില്ലെന്നും നെതന്യാഹു ഭരണകൂടം തത്തുല്യമായ ആക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ ആക്രമിക്കാന്‍ ഇസ്രഈല്‍ ലക്ഷ്യമിട്ടതിന്റെ വിവരങ്ങള്‍ അമേരിക്കയില്‍ നിന്ന് ചോര്‍ന്നതിന് പിന്നാലെയാണ് അബ്ബാസ് അരാഗ്‌സിയുടെ പ്രതികരണം.

ഇറാന്‍ ശക്തമായി തിരിച്ചടിച്ചാല്‍ ഇസ്രഈലിന്റെ അടിത്തറ ഇളകുമെന്നും അബ്ബാസ് അരാഗ്‌സി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഇസ്രഈല്‍ ചുവപ്പ് വര മറികടക്കുന്നുവെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത് ഇസ്രഈലിന് തിരിച്ചടി താങ്ങാനാകില്ലെന്നും അബ്ബാസ് അരാഗ്‌സി പറഞ്ഞു.

അതേസമയം ഇറാനെതിരായ ഇസ്രഈലിന്റെ സൈനിക പദ്ധതികള്‍ വിശദീകരിക്കുന്ന രഹസ്യ രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ജിയോപാസ്‌റ്റൈല്‍ ഏജന്‍സിയില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.

അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പദ്ധതി രേഖകളാണ് പുറത്തുവന്നത്. വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റലിജന്റ്സ് രേഖകള്‍ പുറത്തുവന്നത് യു.എസും ഇസ്രഈലും തമ്മിലുള്ള ബന്ധത്തിന് വിനയാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ പെന്റഗണ്‍, എഫ്.ബി.ഐ, യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണമുണ്ടാകുന്നത്.

ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രഈല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിവരങ്ങള്‍ ചോര്‍ന്നത്.

Content Highlight: Iran has identified all military bases in Israel

We use cookies to give you the best possible experience. Learn more