ടെഹ്‌റാന്: ഭൂമി തട്ടിപ്പ് നടത്തിയ ജര്‍മന്‍ പൗരനെ തൂക്കിലേറ്റി ഇറാന്‍. ജര്‍മന്‍-ഇറാന്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പറായ ജംഷിദ് ഷര്‍മാദ് (69)ആണ് തൂക്കിലേറ്റപ്പെട്ടത്. വര്‍ഷങ്ങളായി ഇദ്ദേഹം തടവിലാണ്.
ഭൂമി തട്ടിപ്പ് കേസിന് പിന്നാലെ തീവ്രവാദക്കുറ്റവും ജംഷിദിനെതിരെ ഇറാന്‍ ചുമത്തിയിരുന്നു. ഇയാള്‍ ജര്‍മന്‍ പൗരനായിരുന്നെങ്കിലും അമേരിക്കയിലായിരുന്നു സ്ഥിര താമസം.
2020ല്‍ യു.എ.ഇ സന്ദര്‍ശനത്തിനിടയിലാണ് ഇറാന്‍ ഏജന്റുമാര്‍ ജംഷിദിനെ തട്ടിക്കൊണ്ട് പോവുന്നത്. 2023ല്‍ അദ്ദേഹത്തിനെ ഭൂമി അഴിമതിയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ 2008ല്‍ ഷിറാസ് പള്ളിയില്‍ നടത്തിയ ബോംബാക്രമണത്തില്‍ പങ്കുണ്ടെന്ന കുറ്റവും ജിംഷാദിന് മേല്‍ ചുമത്തുകയായിരുന്നു.
അന്നത്തെ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചത്.
അതേസമയം തങ്ങളുടെ പൗരന്റെ മരണത്തില്‍ ജര്‍മനി കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ജിംഷാദിന്റെ മരണത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നല്‍കിയെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലിയ ബെര്‍നോക്ക് പ്രതികരിച്ചു.
‘ഇറാന്‍ ഭരണകൂടം ജംഷിദ് ഷര്‍മ്മദിനെ കൊലപ്പെടുത്തിയതില്‍ ഞാന്‍ ശക്തമായി അപലപിക്കുന്നു. ദുബായില്‍ നിന്ന് ഇറാനിലേക്ക് തട്ടിക്കൊണ്ടുപോയി ന്യായമായ വിചാരണ നടത്താതെ വര്‍ഷങ്ങളോളം തടവില്‍ വെച്ചിട്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഈ ദുഖത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,’ ബെര്‍നോക്ക് തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ജര്‍മ്മന്‍ അംബാസിഡര്‍ ചൊവ്വാഴ്ച ടെഹ്റാനില്‍വെച്ച് ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും വധശിക്ഷയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അതുപോലെ, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വിധിയെ അസന്തുലിതമായി വിശേഷിപ്പിക്കുകയും ഷര്‍മ്മാദിന് വേണ്ടി ന്യായമായ വിചാരണ ആവശ്യപ്പെടുകയും ചെയ്തു.
ജിംഷാദിന്റെ മരണത്തിന് പിന്നാലെ വധശിക്ഷയ്‌ക്കെതിരേയും ഇറാനെതിരേയും നിരവധി മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ആംനസ്റ്റി ഇന്‍ര്‍നാഷണല്‍ മെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കിയ രാജ്യമാണ് ഇറാന്‍. അതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ലോകമെമ്പാടുമുള്ള വധശിക്ഷകളില്‍ 75 ശതമാനവും നടപ്പിലാക്കിയത് ഇറാനിലാണ്. ഈ വര്‍ഷം മാത്രം ഇറാനില്‍ തൂക്കിലേറ്റപ്പെട്ടവരുടെ എണ്ണം 567 ആണ്.
Content Highlight: Iran hangs a German citizen who committed land fraud; Protest against death penalty is strong