കൊവിഡ് സമയത്ത് ഇറാനില്‍ നടന്നത് റെക്കോര്‍ഡ് പ്ലാസ്റ്റിക് സര്‍ജറികള്‍; ആരോഗ്യഭീഷണിയും സാമ്പത്തികമാന്ദ്യവും കോസ്‌മെറ്റിക് സര്‍ജറി മേഖലയെ ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്
ടെഹ്‌റാന്‍: പ്ലാസ്റ്റിക് സര്‍ജറി വ്യാപകമായി നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. കൊവിഡ് മഹാമാരി സമയത്ത് ഇറാനില്‍ പ്ലാസ്റ്റിക് സര്‍ജറിയുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്നാണ് ഇപ്പോള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൊവിഡ് വന്ന് രാജ്യത്ത് ആരോഗ്യരംഗം വലിയ ഭീഷണി നേരിടുകയും സാമ്പത്തികമായി മാന്ദ്യം നേരിടുകയും ചെയ്ത സമയത്തും രാജ്യത്ത് നടന്ന കോസ്‌മെറ്റിക് സര്‍ജറികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സര്‍ജറി നടത്തുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്.
കൊവിഡ് വന്നതോടു കൂടി നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായതും വലിയൊരു വിഭാഗം ജോലിസ്ഥലങ്ങളില്‍ പോകാതെ വീട്ടില്‍ നിന്ന് ജോലിയെടുത്തതും അവര്‍ക്ക് സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ കൂടുതല്‍ സമയം നല്‍കിയെന്നും യൂണിവേഴ്‌സിറ്റികളും സ്‌കൂളുകളും അടച്ചിട്ടത് കൗമാരക്കാരേയും കോസ്‌മെറ്റിക് സര്‍ജറിയിലേയ്ക്ക് എത്തിച്ചെന്നുമാണ്, പ്ലാസ്റ്റിക് കോസ്‌മെറ്റിക് സര്‍ജറി വിദഗ്ധനായ മുഹമ്മദ് അലിപൗര്‍ ഐ.എസ്.എന്‍.എ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.
ഇപ്പോഴും സര്‍ജറികളുടെ എണ്ണം രാജ്യത്ത് ഉയര്‍ന്ന് തന്നെയാണുള്ളത്. കൊവിഡ് രൂക്ഷമായ സമയത്ത് കോസ്മറ്റിക് സര്‍ജറി ക്ലിനിക്കുകള്‍ അടച്ചിട്ടിരുന്നെങ്കിലും ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതോടെ പല ഡോക്ടര്‍മാരും രഹസ്യമായി സ്വന്തം ക്ലിനിക്കുകളില്‍ സര്‍ജറി നടത്തിയിരുന്നതായും ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.
”ഫിസിക്കല്‍ അപ്പിയറന്‍സില്‍ സമൂഹം കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം സ്വന്തം മുഖത്തിലും അതിന്റെ ഘടനയിലും ആളുകള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്,” പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സര്‍ജന്‍ മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.
ഈ പ്രശ്‌നത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ സൈക്കോളജിസ്റ്റുകള്‍ ഗൗരവ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകശരാശരിയേക്കാള്‍ കൂടുതലാണ് ഇറാനില്‍ നടക്കുന്ന കോസ്‌മെറ്റിക്, പ്ലാസ്റ്റിക് സര്‍ജറികളുടെ എണ്ണം. സര്‍ജറി സംബന്ധിച്ച് ഉയര്‍ന്ന് വരുന്ന പരാതികളുടെ എണ്ണവും കൂടിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമിലും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ഡിസ്‌കൗണ്ടോട് ഓഫറോട് കൂടി കാണുന്ന പരസ്യങ്ങള്‍ കണ്ട് സര്‍ജറി നടത്തുന്നവര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചിലപ്പോള്‍ സര്‍ജറിയിലെ പാളിച്ചകള്‍ വ്യക്തിയുടെ മരണത്തിലേയ്ക്ക് നയിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മൂക്കിന്റെ ആകൃതിയിലും മറ്റും മാറ്റം വരുത്തുന്ന സര്‍ജറിയായ റൈനോപ്ലാസ്റ്റിയാണ് രാജ്യത്ത് കൂടുതല്‍ നടക്കുന്ന പ്ലാസ്റ്റിക് സര്‍ജറി. പുരികങ്ങള്‍, കണ്‍പോളകള്‍, ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവയില്‍ സര്‍ജറിയിലൂടെ മാറ്റം വരുത്താനും കൂടുതല്‍ ആവശ്യക്കാരുണ്ട്.