ടെഹ്റാന്‍: ഇറാനില്‍ മെഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരായ ഭരണകൂട നടപടികളില്‍ ഇതുവരെ കുറഞ്ഞത് 83 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്.
പ്രക്ഷോഭങ്ങള്‍ രണ്ടാഴ്ച പിന്നിടുമ്പോഴാണ് മരണസംഖ്യ 80 കടന്നിരിക്കുന്നത്.
”ഇറാന്‍ പ്രതിഷേധത്തില്‍ കുട്ടികളടക്കം 83 പേരെങ്കിലും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്,” നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം പ്രക്ഷോഭ സമരങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുകയാണ്. നിരവധി സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുമില്ല.
ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയോ അതിന് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്യുന്ന സെലിബ്രിറ്റികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായാണ് പ്രധാനമായും ഇബ്രാഹിം റഈസി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍.
”കലാപം ആളിക്കത്തിക്കുന്ന സെലിബ്രിറ്റികള്‍ക്കെതിരെ ഞങ്ങള്‍ നടപടിയെടുക്കും,” ടെഹ്റാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മൊഹ്സെന്‍ മന്‍സൂരി പറഞ്ഞു.
സിനിമാ നിര്‍മാതാക്കള്‍, കായികതാരങ്ങള്‍, സംഗീതജ്ഞര്‍, അഭിനേതാക്കള്‍ തുടങ്ങി നിരവധി മേഖലയില്‍ നിന്നുള്ളവര്‍ പ്രതിഷേധ പ്രകടനങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സെനഗലിനെതിരായി വിയന്നയില്‍ നടന്ന മത്സരത്തിന് മുമ്പ് ഇറാന്റെ ദേശീയ ഫുട്‌ബോള്‍ ടീം കറുത്ത ട്രാക്ക് സ്യൂട്ട് ധരിക്കുകയും ചെയ്തിരുന്നു.
അതേസമയം, സര്‍ക്കാരിനും പരമോന്നത നേതാവ് അലി ഖമനയിക്കും സദാചാര പൊലീസ് സംവിധാനത്തിനും (ഗൈഡന്‍സ് പട്രോള്‍) എതിരായാണ് സമരക്കാര്‍ പ്രധാനമായും മുദ്രാവാക്യം വിളിക്കുന്നത്.
അതിനിടെ മഹ്‌സ അമിനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധമേര്‍പ്പെടുത്തണമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
ഇറാനിലെ സാക്വസ് സ്വദേശിയായ മഹ്‌സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയായിരുന്നു കൊല്ലപ്പെട്ടത്.
പിന്നാലെ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെടുകയായിരുന്നു.
പൊലീസ് വാനില്‍ വെച്ച് മഹ്സയെ പൊലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ‘ശരിയായ രീതിയില്‍’ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.
പൊലീസ് മര്‍ദനമേറ്റ് കോമയിലായി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മരണം. അറസ്റ്റിന് പിന്നാലെ മഹ്‌സയ്ക്ക് പൊലീസ് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം.
Content Highlight: Iran government targets celebrities and journalists who support anti hijab protests