| Thursday, 22nd September 2022, 10:23 pm

മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇറാനില്‍ പ്രക്ഷോഭങ്ങള്‍; സുരക്ഷാ സേനയുടെ അടിച്ചമര്‍ത്തലില്‍ മരണം 31; രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഹിജാബ് ഡ്രസ് കോഡിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇറാനില്‍ നടക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്കെതിരെ സുരക്ഷാ സേന നടത്തിയ അടിച്ചമര്‍ത്തല്‍ നടപടികളില്‍ ഇതുവരെ കുറഞ്ഞത് 31 സിവിലിയന്‍സ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഓസ്‌ലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍.ജി.ഒയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി അടക്കമുള്ള വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെടിവെപ്പടക്കമുള്ള നടപടികളാണ് പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഇറാനിയന്‍ സുരക്ഷാ സേന നടത്തുന്നത്.

പ്രതിഷേധസമരങ്ങളും പ്രക്ഷോഭങ്ങളും ശക്തി പ്രാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നതോടെ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു ഇന്റര്‍നെറ്റ് ആക്‌സസ് വിച്ഛേദിച്ചത്.

അതേസമയം, ഇതുവരെ ഏഴ് പ്രതിഷേധക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേനയുടെ വാദം. എന്നാല്‍ അധികൃതര്‍ മരണക്കണക്ക് കുറച്ച് കാണിക്കുകയാണെന്ന് അഭിപ്രായമുയരുന്നുണ്ട്.

22കാരിയായ മഹ്‌സ അമിനിയുടെ മരണത്തില്‍ ഇറാനില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

ഹിജാബ് ധരിക്കാതിരിക്കുന്നത് രാജ്യത്തെ നിയമപ്രകാരം ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നിരിക്കെയാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. ഇറാനിലെ ‘സദാചാര പൊലീസി’നെതിരെയും (ഗൈഡന്‍സ് പട്രോള്‍) വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വസ്ത്രധാരണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ചയായിരുന്നു മഹ്‌സ കൊല്ലപ്പെട്ടത്. വാനില്‍ വെച്ച് മഹ്സയെ പൊലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ‘ശരിയായ രീതിയില്‍’ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.

പൊലീസ് മര്‍ദനമേറ്റ് കോമയിലായതിന് പിന്നാലെയായിരുന്നു മരണം. അറസ്റ്റിന് പിന്നാലെ മഹ്‌സയ്ക്ക് പൊലീസ് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം. സംഭവത്തില്‍ ഇറാനിയന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ഇറാനിലെ സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധസമരത്തെ പിന്തുണച്ചുകൊണ്ട് ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍ രംഗത്തെത്തിയിരുന്നു.

പ്രതിഷേധ സൂചകമായി ഇറാനിലെ സ്ത്രീകകള്‍ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ ദൃശ്യമാണെന്നും ലോകത്തിലെ എല്ലാ മുസ്‌ലിം സ്ത്രീകളും ഇത് പിന്തുടരണമെന്നും ഹിജാബ് എന്നത് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെയും അപമാനിക്കുന്നതിന്റെയും പ്രതീകമാണെന്നുമായിരുന്നു തസ്‌ലീമ നസ്‌റീന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞത്.

ഹിജാബ് യഥാര്‍ത്ഥത്തില്‍ ഒരു ചോയ്‌സ് അല്ലെന്നും ഇറാനിലെ പ്രതിഷേധത്തില്‍ നിന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ധൈര്യം ആര്‍ജിച്ചെടുക്കുമെന്നും പറഞ്ഞ തസ്‌ലീമ നസ്റീന്‍ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധിക്കാന്‍ ഇറാനിയന്‍ സ്ത്രീകള്‍ കാണിച്ച ധൈര്യത്തെയും പ്രശംസിച്ചിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം മഹ്‌സ അമിനിയുടെ ശവസംസ്‌കാര ചടങ്ങ് നടന്നപ്പോള്‍ ഇസ്‌ലാമിക മതപണ്ഡിതന്മാരെ അതില്‍ പങ്കെടുക്കുന്നതില്‍ നിന്നും അമിനിയുടെ പിതാവ് തടഞ്ഞിരുന്നു.

ശവസംസ്‌കാര ചടങ്ങില്‍ ഇസ്‌ലാമിക പ്രാര്‍ത്ഥനകളും ഇസ്‌ലാമിക ആചാരങ്ങള്‍ വേണ്ടെന്നും പിതാവ് പറഞ്ഞിരുന്നു.

”നിങ്ങളുടെ ഇസ്‌ലാം അവളെ തള്ളിപ്പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ അവളുടെ മേല്‍ പ്രാര്‍ത്ഥിക്കാനാണോ വന്നത്? നിങ്ങള്‍ക്ക് സ്വയം ലജ്ജ തോന്നുന്നില്ലേ? രണ്ട് മുടിയിഴകളുടെ പേരില്‍ നിങ്ങള്‍ അവളെ കൊന്നു! നിങ്ങളുടെ ഇസ്‌ലാമിനെയും കൊണ്ട് എങ്ങോട്ടെങ്കിലും പോകൂ,” എന്ന് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

Content Highlight: Iran government shuts down internet serviced as death toll rise over the Protest after the custody death of Mahsa Amini 

We use cookies to give you the best possible experience. Learn more