ടെഹ്‌റാന്‍: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഇല്ലാതാക്കാല്‍ ഇറാനില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ രാസവസ്തു പ്രയോഗം നടത്തുന്നതായി റിപ്പോര്‍ട്ട്. 22കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നതിലുള്ള പ്രതികാരമാണ് ആക്രമണമെന്നാണ് വിലയിരുത്തല്‍.
ഇറാനിലെ ഖയൂം നഗരത്തില്‍ ചിലര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ വിഷവാതകം ഉപയോഗിക്കുന്നതായി ഇറാനിയന്‍ ഉപ വിദ്യാഭ്യാസ മന്ത്രി യൂനസ് പനാഹിയും സ്ഥിരീകരിച്ചു.
ചിലര്‍ക്ക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കണമെന്നാണ് ആഗ്രഹമെന്നും അവര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ പദ്ധതിയിടുന്നുണ്ടെന്നും പനാഹി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥിനികളെ വിഷലിപ്തമാക്കാന്‍ ഉപയോഗിച്ച രാസവസ്തുക്കള്‍ അപകടകരമല്ലെന്നും ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരേസമയം കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്.
പാര്‍ലമെന്റ് ആരോഗ്യ കമ്മീഷന്‍ അംഗം ഡോ. ഹോമയൂണ്‍ സമേഹ് നജഫബാദിയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മനപ്പൂര്‍വ്വമുള്ള നീക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓര്‍ഗാനോഫോസ്‌ഫൈറ്റ് എന്ന വിഷവാതകമുപയോഗിച്ചാണ് കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണം. വിഷബാധയേറ്റ വിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗം പേര്‍ക്കും കടുത്ത വിയര്‍പ്പ്, ഛര്‍ദ്ദി, വയറിളക്കം, ഹൈപ്പര്‍മോട്ടിലിറ്റി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരുന്നതായും കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടറെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രതിഷേധക്കാരെ റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളെ ഉപയോഗിച്ച് ഭയപ്പെടുത്തുക എന്നതാണ് ആക്രമകാരികളുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപകാലത്തെ പ്രതിഷേധങ്ങള്‍ സജീവ സാന്നിധ്യം വഹിച്ച വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പ്രതികാരം വീട്ടുക എന്നതാണ് ലക്ഷ്യം.
പ്രതികാര നടപടികള്‍ ചര്‍ച്ചയായതോടെ പല വിദ്യാര്‍ത്ഥിനികളും സ്‌കൂളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പല സ്‌കൂളുകളും അടച്ചിട്ടതായാണ് റിപ്പോര്‍ട്ട്.
അതേസമയം ഇറാന്‍ അധികാരികളുടെ നടപടിക്കെതിരെ ലോകത്തെ എല്ലാ സ്ത്രീകളും വിദ്യാര്‍ത്ഥിനികളും പ്രതിഷേധിക്കണമെന്ന് ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മസീഹ് അലിന്‍ജാദ് പറയുന്നു. സംഭവത്തില്‍ യു.എന്‍ ഇടപെട്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹ്സ അമിനി എന്ന യുവതിയാണ് സദാചാര പൊലീസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വ്യക്തി സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റം, സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ഫെബ്രുവരി 14 വരെ 71 കുട്ടികള്‍ ഉള്‍പ്പെടെ 529 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍വകലാശാലകളിലും തെരുവുകളിലും പട്ടണങ്ങളിലും നടന്ന പ്രതിഷേധത്തില്‍ 720 വിദ്യാര്‍ത്ഥികളുള്‍പ്പെടെ 19763 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെട്ടു.
പൊലീസ് വാനില്‍ വെച്ച് മഹ്സയെ പൊലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.
മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിലുടനീളവും അന്താരാഷ്ട്ര തലത്തില്‍ തന്നെയും ഇറാന്‍ ഭരണകൂടത്തിനും സദാചാര പൊലീസിനുമെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഹിജാബ് നിയമം പിന്‍വലിക്കുകയും മൊറാലിറ്റി പൊലീസ് സിസ്റ്റം നിര്‍ത്തലാക്കുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
Content Highlight: Iran girls being poisoned to stop them from going to school says report