ഗസ വിഷയത്തില്‍ അടിയന്തരമായി ബ്രിക്‌സ് ഇടപെടണം: ഇറാന്‍ വിദേശകാര്യ മന്ത്രി
തെഹ്‌റാന്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ ബ്രിക്‌സ് ഇടപെടണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുള്ളാഹിയാന്‍.
ബ്രിക്‌സിലെ അംഗരാജ്യങ്ങളായ ബ്രസീല്‍,റഷ്യ ,ഇന്ത്യ ,ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളോട് ഇറാന്‍ വിദേശകാര്യ മന്ത്രി പ്രത്യേകം കത്തെഴുതിയാണ് ആവശ്യം ഉന്നയിച്ചത്.
‘ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനും അധിനിവേശ ആക്രമണകാരികളെ മനസ്സിലാക്കാനും ബ്രിക്‌സ് അംഗരാജ്യങ്ങള്‍ ക്രിയാത്മകമായി ഇടപെടണം’, അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
ഫലസ്തീനികളുടെ ഭൂമി തട്ടിയെടുക്കല്‍, ഫലസ്തീനികളുടെ കൂട്ടക്കൊല, അവരുടെ വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കല്‍, ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, ഫലസ്തീന്‍ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുക, ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അന്തസ്സിനെ അവഹേളിക്കുക എന്നീ യുദ്ധക്കുറ്റങ്ങള്‍ അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ബ്രിക്സിനുപുറമെ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍, യുറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍, കോണ്‍ഫറന്‍സ് ഓണ്‍ ഇന്ററാക്ഷന്‍ ആന്‍ഡ് കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ് മെഷേഴ്‌സ് ഇന്‍ ഏഷ്യ (സി.ഐ.സി.എ), അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) എന്നീ അന്താരാഷ്ട്ര സംഘടനകളോടും മറ്റ് ആഗോള സംവിധാനങ്ങളോടും പ്രശ്‌നത്തില്‍ നടപടിയെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ ഗസയില്‍ ഇസ്രഈല്‍ ബോംബാക്രമണത്തില്‍ 9,922 പേര്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതില്‍ 4,000 ത്തിലധികം പേരും കുട്ടികളാണ്.
Content Highlight: Iran foreign minister writes letter to Bricks Countries regarding Gaza issue