തെഹ്‌റാന്‍: അഹ്‌വാസിലെ സൈനിക പരേഡിന് നേരെ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന് ഇറാന്‍. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. 25 പേര്‍ കൊല്ലപ്പെട്ട സെപ്റ്റംബര്‍ 22ലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസും അറബ് വിഘടനവാദ ഗ്രൂപ്പായ അഹ്‌വാസും ഏറ്റെടുത്തിരുന്നു.
ഐ.എസ് കേന്ദ്രമായ അല്‍ബുകമാലിലാണ് മിസൈലുകള്‍ ചെന്ന് പതിച്ചതെന്ന് ഇറാന്‍ സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
570 കിലോമീറ്റര്‍ ദൂരത്തിലേക്കാണ് മിസൈലുകള്‍ തൊടുത്തതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. എന്നാല്‍ എവിടെ നിന്നാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ Zolfaghar, Qiyam മിസൈലുകളാണ് ഉപയോഗിച്ചതെന്ന് ഇറാനിലെ Fars news agency റിപ്പോര്‍ട്ട് ചെയ്തു. മിസൈലുകള്‍ക്ക് മുകളില്‍ “death to America”, “death to Israel”, “death to Al Saud” എന്നെഴുതിയതായും റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ടറുടെ സാന്നിധ്യത്തില്‍ മിസൈലുകളിലൊന്ന് തൊടുത്തുവിട്ടതിന്റെ ദൃശ്യം സ്‌റ്റേറ്റ് ടി.വി പുറത്തു വിട്ടിട്ടുണ്ട്. പടിഞ്ഞാറന്‍ പ്രവിശ്യയായ ഖെര്‍മാന്‍ഷായാണ് ഈ സ്ഥലമെന്നാണ് സൂചന. മധ്യ ഇറാഖ് നഗരമായ തിക്‌രീതിന് മുകളിലൂടെയാണ് മിസൈലാക്രമണം നടത്തിയതെന്നും ഇറാന്‍ സ്റ്റേറ്റ് ടെലിവിന്‍ പുറത്തുവിട്ട ഫൂട്ടേജ് വ്യക്തമാക്കുന്നു.
അമേരിക്കയ്ക്കും സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ബന്ധമുള്ള ഭീകരസംഘടനകളാണ് ആക്രമത്തിന് പിന്നിലെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.