ടെഹ്‌റാന്‍: തൊഴിലിടങ്ങളിലും ശിരോവസ്ത്രം ധരിക്കുന്നത് നിര്‍ബന്ധമാക്കി ഇറാന്‍ ഭരണകൂടം. സദാചാര പോലീസിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ സെപ്തംബര്‍ 16ന് കൊല്ലപ്പെട്ട മഹ്സ അമിനിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് മുന്നോടിയായാണ് തൊഴില്‍ രംഗത്തും ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമാക്കാന്‍ പോകുന്നത്.
അമിനിയുടെ മരണത്തോടെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും നടന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സുരക്ഷാ സേനയുമായുണ്ടായ ആക്രമണത്തില്‍ 530-ലധികം പേര്‍ കൊല്ലപ്പെടുകയും 22,000-ത്തിലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തു.
ടെഹ്റാനിലെ തെരുവുകളില്‍ ശിരോവസ്ത്രമില്ലാതെ സ്ത്രീകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ശിരോവസ്ത്രമോ ഹിജാബുകളോ ധരിക്കാത്ത സ്ത്രീ ജീവനക്കാരെയും ഉപഭോക്താക്കളെയും കണ്ടാല്‍ നടപടിയെടുക്കാന്‍ അധികാരികള്‍ തീരുമാനിച്ചിട്ടുണ്ട്. ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്കും അവര്‍ സന്ദര്‍ശിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്താനുള്ള നിയമം ഇറാന്‍ ചര്‍ച്ചചെയ്യുന്നുമുണ്ടെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത വര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും ഹിജാബ് കര്‍ക്കശമാക്കുന്ന സമീപനമാണ് ഭരണകൂടത്തില്‍ നിന്നും വരുന്നത്. ഇറാന്റെ ആണവ പരിപാടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഹിജാബ് ധരിക്കുന്നത് ഇറാന്റെ രാഷ്ട്രീയ ചിഹ്നമായി മാറിയിരുന്നു.
അമിനിയുടെ മരണശേഷം ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ഇസ്‌ലാമിക് ഡ്രസ് കോഡ് കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീസ് മടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീണ്ടും ഹിജാബ് നിര്‍ബന്ധമാക്കുന്ന നടപടികളാണ് പൊലീസില്‍ നിന്നും കാണുന്നത്. ഹിജാബ് ധരിക്കാത്ത പ്രവണത തീര്‍ച്ചയായും അവസാനിപ്പിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും ബുധനാഴ്ച പറഞ്ഞിരുന്നു.
ശിരോവസ്ത്രം ധരിക്കാതെ കാറുകളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയിരുന്നു. ഏകദേശം ഒരു മില്യന്‍ മെസേജുകള്‍ ഇതിനോടകം അയച്ചിട്ടുണ്ട്. ഏകദേശം 2,000 കാറുകള്‍ പിടിച്ചെടുക്കുകയും 4,000-ത്തിലധികം സ്ത്രീകളെ പ്രോസിക്യൂട്ടര്‍മാരുടെ മുന്നില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
ജോലിസ്ഥലത്ത് ഹിജാബ് ധരിക്കാതെ വരുന്ന സ്ത്രീകളെ അധികാരികള്‍ സോഷ്യല്‍ മീഡിയ വഴി കണ്ടുപിടിക്കാനും തുടങ്ങിയിട്ടുണ്ട്. 40 മില്യനിലധികം പ്രതിമാസ ഉപയോക്താക്കളുള്ള വളരെ ജനപ്രിയമായ ഡിജിറ്റല്‍ റീട്ടെയില്‍ വെബ്സൈറ്റായ ഡിജികലയുടെ ഓഫീസുകളിലൊന്നും ഓണ്‍ലൈന്‍ പുസ്തകശാലയായ തഗചേയും ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് പ്ലേസ് ആയ അസ്‌കിയും താല്‍ക്കാലികമായി അടച്ച് പൂട്ടി.
വടക്കന്‍ നഗരമായ ലഹൈജാനില്‍, പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ ആശുപത്രികളോടും ക്ലിനിക്കുകളോടും ഹിജാബ് ധരിക്കാത്ത സ്തീകള്‍ക്ക് സേവനം നല്‍കുന്നത് നിര്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. ടെഹ്റാനില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ (40 മൈല്‍) കിഴക്കുള്ള ദമാവന്ദില്‍, ഹിജാബ് ധരിക്കാത്ത ഒരു സ്ത്രീക്ക് സേവനം നല്‍കിയതിന് ഒരു ബാങ്ക് മാനേജരെയും കാഷ്യറെയും അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടിട്ടുണ്ട്.
വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ ടെറസ് കഫേകളും ഇപ്പോള്‍ നിരോധിച്ചു. ഇസ്ഫഹാനിലെ കടകളില്‍ പുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്ന് ജോലി ചെയ്യുന്നത് നിരോധിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.
വിനോദ വ്യവസായവും അധികൃതര്‍ ഇത്തരത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ ജോലി ചെയ്യുന്ന സിനിമകള്‍ തടയുമെന്നാണ് പൊലീസിന്റെ ഭീഷണി.
അതേസമയം ഇറാന്റെ പുതിയ രീതികള്‍ക്കെതിരെ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.
കടുത്ത ശിക്ഷകള്‍ നല്‍കുന്നത് ഹിജാബ് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന് സാംസ്‌കാരിക പൈതൃക മന്ത്രി എസ്സാത്തുള്ള സര്‍ഗാമി തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹിജാബ് ധരിക്കാത്ത സ്ത്രീയുടെ കാര്‍ പിടിച്ചെടുക്കാനും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുമുള്ള കോടതി ഉത്തരവ് ഇറാന്‍ സുപ്രീം കോടതി റദ്ദാക്കി മാതൃക കാണിച്ചിട്ടുണ്ട്.
‘ഞാന്‍ ശിക്ഷിക്കപ്പെട്ടാലും ഒരു പ്രമുഖ സ്ഥാനത്തിരിക്കുന്നതുപോലെ ശിരോവസ്ത്രം ധരിക്കും. എന്നാല്‍ പ്രതിഷേധത്തിനിടെ ഞാന്‍ ചികിത്സിച്ച യുവാക്കള്‍ അവരുടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ല,’ കഴിഞ്ഞ വര്‍ഷം പ്രകടനങ്ങളില്‍ പരിക്കേറ്റ പ്രതിഷേധക്കാരെ ചികിത്സിച്ച ഡോക്ടര്‍ പര്‍വനെ പറഞ്ഞതായി എ.പി റിപ്പോര്‍ട്ട് ചെയ്തു.
ആളുകളുടെ ന്യായമായ ആവലാതികള്‍ പരിഹരിക്കുന്നതിന് പകരം, ഭരണകൂടം ഹിജാബില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള വില്‍സണ്‍ സെന്ററിലെ പ്രവര്‍ത്തകയും ഇറാനിയന്‍-അമേരിക്കന്‍ ദ്വന്ദവാദിയുമായ ഹാലെ എസ്ഫാന്‍ദിയാരി പറഞ്ഞു. ഭൂരിപക്ഷം സ്ത്രീകളും ഇതില്‍ വിശ്വസിക്കാത്തതിനാല്‍ ബില്ല് പാസാക്കിയാലും അര്‍ത്ഥശൂന്യമാകുമെന്ന് പ്രമുഖ അഭിഭാഷകന്‍ മഹ്‌മൂദ് അലിസാദെ തബതാബെയും അഭിപ്രായപ്പെട്ടു.
സാഹചര്യം വന്നാല്‍ അത് അഴിക്കാന്‍ ഞാന്‍ എന്റെ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കും. എന്റെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ എന്നെക്കാള്‍ മുന്നിലാണ്, ഒരു ഹൈസ്‌കൂളിലെ അധ്യാപികയായ മോജ്ഗന്‍ പറഞ്ഞു.
ഇറാന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്ന പുതിയ ബില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കഠിനമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്ക് 360 മില്യന്‍ ഇറാനിയന്‍ റിയാല്‍ (720 ഡോളര്‍) വരെ പിഴയും ജയില്‍ ശിക്ഷയും നല്‍കാനും സ്‌കൂളുകള്‍, പാര്‍ക്കുകള്‍, ആശുപത്രികള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ലിംഗവിവേചനം കര്‍ശനമാക്കാനും ബില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹിജാബ് ധരിക്കാത്ത സ്ത്രീ ജീവനക്കാരുള്ള ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും പിഴ ചുമത്താനും ബില്ലില്‍ പറയുന്നുണ്ട്.
CONTENT HIGHLIGHTS: Iran extends hijab ban to workplaces; Some establishments were closed