| Thursday, 13th April 2023, 5:42 pm

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ വധശിക്ഷക്ക് വിധേയരായവരുടെ എണ്ണത്തില്‍ 75 ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഹിജാബ് വിഷയത്തിലടക്കം ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായതിന് പിന്നാലെ രാജ്യത്ത് വധശിക്ഷക്ക് വിധേയരായവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്.

നോര്‍വെ ആസ്ഥാനമായി പവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ ഇറാനില്‍ 582 ആളുകളുടെ വധശിക്ഷയാണ് നടപ്പാക്കിയിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ 75 ശതമാനം അധികമാണിത്. 2021ല്‍ ഇത് 333 ആയിരുന്നെന്നാണ് പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടിലും പറയുന്നത്.

എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ ഇല്ലാതിരിക്കാനായി സമരക്കാരെ കള്ളക്കേസില്‍ കുടുക്കിയാണ് വധശിക്ഷക്ക് വിധിക്കുന്നതെന്ന ആരോപണവും ശക്തമാവുകയാണ്. മയക്ക് മരുന്നുമായി ബന്ധപ്പെട്ട കേസിലാണ് കൂടുതല്‍ ആളുകള്‍ക്കും വധശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരെ നേരിടാനായി ഇറാന്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നതെന്ന് ഇറാന്‍ ഹ്യൂമന്‍ റൈറ്റ് സമിതി ഡയറക്ടര്‍ മെഹമൂദ് അമിരി മൊഗദ്ദം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ വധശിക്ഷക്ക് വിധിച്ച നടപടി അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ നേരിടാനായി പുതിയ മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്. സമരക്കാരെ ഭയപ്പെടുത്താനായി സമരക്കാര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇറാന്റെ ഭരണകൂട ഭീകരതയുടെ ഏറ്റവും പുതിയ ഇരകളാണിവര്‍.

ഇറാനിലെ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യക്തമായ ആസൂത്രണത്തോടെയുള്ള ആക്രമണമാണിപ്പോള്‍ നടക്കുന്നത്,’ മെഹമൂദ് പറഞ്ഞു.

ഇറാനില്‍ ശിരോവസ്ത്ര നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ മതകാര്യ പൊലീസിന്റെ മര്‍ദ്ദനത്തില്‍ 22കാരി മഹ്‌സ അമീനി കൊല്ലപ്പെട്ടതിന് ശേഷമാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നാല് പേരെ ഇറാന്‍ തൂക്കിക്കൊന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്കെതിരെ മയക്കുമരുന്ന് കടത്തടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി വധശിക്ഷക്ക് വിധിക്കാന്‍ ഇറാന്‍ ഭരണകൂടം തീരുമാനിച്ചത്. 2022ല്‍ മാത്രം ഇറാനില്‍ വധശിക്ഷക്ക് വിധിച്ച 582 പേരില്‍ 44 ശതമാനം ആളുകള്‍ക്കുമെതിരെ മയക്ക് മരുന്ന് കേസാണ് ഭരണകൂടം ചുമത്തിയിരുന്നത്. ഇതിനെ സാധൂകരിക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുമുള്ളത്.

Content Highlight: iran executing proters report

We use cookies to give you the best possible experience. Learn more