| Monday, 29th January 2024, 2:42 pm

മൊസാദുമായി ബന്ധമെന്ന് ആരോപണം; ആക്രമണത്തിന് പദ്ധതിയിട്ട നാൽവർ സംഘത്തെ തൂക്കിലേറ്റി ഇറാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാൻ: ഇസ്രഈലി ഇന്റലിജൻസ് ഓപ്പറേഷനുമായി ബന്ധം ആരോപിക്കപ്പെട്ട നാല് പേരെ തൂക്കിലേറ്റി ഇറാൻ. സുപ്രീം കോടതി ദയാഹരജി തള്ളിയതിനെ തുടർന്ന് ജനുവരി 29ന് വധശിക്ഷ നടപ്പിലാക്കിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇസ്രഈൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ഉത്തരവ് പ്രകാരം നാൽവർ സംഘം ഒരു ബോംബാക്രമണം ആസൂത്രണം ചെയ്തുവെന്നായിരുന്നു അവർക്കെതിരെ ഉയർന്ന ആരോപണം.

ഇറാഖിന്റെ വടക്കൻ കുർദിഷ് മേഖലയിൽ നിന്ന് നിയമവിരുദ്ധമായി ഇറാനിലെത്തി, പ്രതിരോധ മന്ത്രാലയത്തിന്റെ ആയുധങ്ങൾ നിർമിക്കുന്ന ഇസ്തഫാൻ നഗരത്തിലെ ഫാക്ടറി ആക്രമിക്കാൻ ശ്രമിച്ചതിനാണ് ഇവരെ തൂക്കിലേറ്റിയത്. 2022ലെ വേനലിൽ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ ഇറാന്റെ ഇന്റലിജൻസ് വിഭാഗം ഇത് കണ്ടെത്തിയതോടെ പദ്ധതി തകർന്നു.

‘സയണിസ്റ്റ് ചാര സംഘടനയുമായി ബന്ധമുള്ള സംഘത്തിലെ നാല് പേരുടെയും വധശിക്ഷ ഇന്ന് രാവിലെ നടപ്പാക്കി,’ ഇറാനിയൻ ജുഡീഷ്യറിയുടെ വെബ്സൈറ്റ് മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട് ഇസ്രഈലുമായി കൊമ്പുകോർക്കുന്നതിനിടയിലാണ് വധശിക്ഷ നടപ്പാക്കിയത്. ഹമാസിനും ഹിസ്ബുള്ളക്കും ആയുധം നൽകുന്നത് ഇറാനാണ് എന്നാണ് ഇസ്രഈലിന്റെ ആരോപണം. എന്നാൽ ഇറാൻ ഇത് തള്ളിയിരുന്നു.

ഇറാന്റെ നയതന്ത്രജ്ഞരെയും ശാസ്ത്രജ്ഞരെയും ഇസ്രഈൽ കൊലപ്പെടുത്തിയെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഈ ആരോപണം ഇസ്രഈൽ നിഷേധിക്കുകയുയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.

Content Highlight: Iran executes four convicted of Israeli bomb plot

Latest Stories

We use cookies to give you the best possible experience. Learn more