| Friday, 18th March 2022, 12:21 pm

2021ല്‍ 280 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാന്‍; സൗദി കൂട്ട വധശിക്ഷയെ ഇറാന്‍ വിമര്‍ശിച്ചതിന് പിന്നാലെ കണക്ക് പുറത്തുവിട്ട് യു.എന്‍ റിപ്പോര്‍ട്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: 2021ല്‍ ഇറാന്‍ നടപ്പാക്കിയത് 280 വധശിക്ഷകളെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ യു.എന്നിലെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടറാണ് വ്യാഴാഴ്ച കണക്ക് പുറത്തുവിട്ടത്.

”2021ല്‍, 10 സ്ത്രീകളുള്‍പ്പെടെ കുറഞ്ഞത് 280 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്,” റിപ്പോര്‍ട്ടര്‍ ജാവേദ് റഹ്മാന്‍ പറഞ്ഞു.

മയക്കുമരുന്ന് നിയമവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടര്‍ ജാവേദ് റഹ്മാന്‍ യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

280 വധശിക്ഷകളില്‍ 80ലധികവും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടതാണെന്നാണ് ജാവേദ് റഹ്മാന്‍ പറഞ്ഞത്. ഇതില്‍ കുറഞ്ഞത് നാല് പേര്‍ അഫ്ഗാനിസ്ഥാന്‍ പൗരന്മാരുമാണ്.

2020ല്‍ 25 പേരെയായിരുന്നു മയക്കുമരുന്ന് കേസില്‍ രാജ്യത്ത് വധശിക്ഷക്ക് വിധിച്ചത്.

ഇറാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനവുണ്ടെന്നും മൂന്ന് ‘കുട്ടി കുറ്റവാളികള്‍’ (18 വയസിന് താഴെയുള്ളവര്‍) കഴിഞ്ഞ വര്‍ഷം വധശിക്ഷക്ക് വിധിക്കപ്പെട്ടതായാണ് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വധശിക്ഷക്ക് വിധിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുടെ എണ്ണത്തിലും 2021ല്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

ക്രൂരമായ പീഡനങ്ങളിലൂടെ കുറ്റാരോപിതര്‍ക്ക് മേല്‍ കുറ്റം ഏറ്റുപറയുന്നതിന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ഇത്തരം കുറ്റസമ്മതങ്ങള്‍ കേസുകളില്‍ തെളിവുകളായി ഉപയോഗിക്കുന്നുണ്ടെന്നും വിവരം ലഭിച്ചതായി ജാവേദ് റഹ്മാന്‍ പറഞ്ഞു.

അതേസമയം, ഒരു ദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കിയ സൗദി അറേബ്യയുടെ നടപടിയെ ഇറാന്‍ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാനിലെ വധശിക്ഷകളുടെ കണക്ക് പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു, കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം, ബലാത്സംഗം, ആയുധക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട 81 പേരുടെ വധശിക്ഷ സൗദി നടപ്പിലാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട വധശിക്ഷയായിരുന്നു ഇത്.

ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സഈദ് ഖാതിബ്‌സാദെഹായിരുന്നു ഇതിനെതിരെ നിലപാട് വ്യക്തമാക്കിയത്.

സൗദിയുടെ നടപടി ‘അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പ്രാഥമികമായ ലംഘനമാണ്’ എന്നും കൃത്യമായ ജുഡീഷ്യല്‍ വിചാരണ നടപടികളില്ലാതെയാണ് വധശിക്ഷകള്‍ നടപ്പിലാക്കിയതെന്നുമായിരുന്നു വിഷയത്തില്‍ ഇറാന്റെ പ്രതികരണം.

സൗദി അറേബ്യയുമായി നടത്താനിരുന്ന അഞ്ചാം വട്ട ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മുമ്പ് 2016ലും സൗദിയില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയിരുന്നു. പ്രതിപക്ഷ നേതാവായ ഷിയ പുരോഹിതന്‍ ഉള്‍പ്പെടെ 47 പേരുടെ വധശിക്ഷയാണ് അന്ന് നടപ്പിലാക്കിയത്. 1980ലും രാജ്യത്ത് കൂട്ട വധശിക്ഷ നടപ്പാക്കിയിരുന്നു.

അതേസമയം, 2021ല്‍ മൊത്തം 67 വധശിക്ഷകളാണ് സൗദി നടപ്പാക്കിയത്.


Content Highlight: Iran Executed 280 People In 2021, UN reporter says after Iran criticize Saudi for Mass Execution

We use cookies to give you the best possible experience. Learn more