ടെഹ്‌റാന്‍ : വടക്കു പടിഞ്ഞാറന്‍ ഇറാനില്‍ ഇന്നലെ വൈകിയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു. 1300 ലധികം പേര്‍ക്ക് പരിക്കേറ്റതായും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഇറാനില്‍ നാശംവിതച്ചത്. ടെബ്രിസ്, അര്‍ദേബിലി നഗരങ്ങളിലാണ് ഭൂകമ്പമുണ്ടായത്. അറുപതോളം ഗ്രാമങ്ങള്‍ പകുതിയിലധികം തകര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.[]
നിരവധി വീടുകളും കെട്ടിടങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്. ആറുമണിക്കൂറിനുള്ളില്‍ പത്ത് തുടര്‍ ചലനങ്ങളാണ് പ്രദേശത്ത് ഉണ്ടായത്. ഭൂമിക്കടിയില്‍ ഒമ്പതുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
പരിക്കേറ്റവരെ ടെബ്രിസ്, അര്‍ദേലി നഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ടെബ്രിസിനു വടക്കുകിഴക്കുള്ള ഗ്രാമങ്ങളും തകര്‍ന്നടിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അനേകം പേര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ടെലിഫോണ്‍, വൈദ്യുതി ബന്ധങ്ങളും പൂര്‍ണമായും തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.