|

ട്രംപ് പരീക്ഷിച്ച് പരാജയപ്പെട്ട തന്ത്രങ്ങള്‍ തന്നെയാണ് ബൈഡന്റേതും; പ്രതീക്ഷകള്‍ പിഴച്ചപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാനെതിരായ ഉപരോധം ഉടന്‍ നീക്കില്ലെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ എതിര്‍പ്പ് അറിയിച്ച് ഇറാന്‍. 2015ലെ ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതുവരെ ഇറാനേര്‍പ്പെടുത്തിയ ഉപരോധം നീക്കില്ലെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞത്.

ജൂണില്‍ ഇറാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതില്‍ ഇനിയും സമയമെടുത്തേക്കാമെന്ന് ബ്ലിങ്കണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബൈഡന്‍ അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ ഉപരോധം നീങ്ങുമെന്ന് പ്രതീക്ഷിച്ച ഇറാനില്‍ നിന്ന് വലിയ എതിര്‍പ്പുകളാണ് രൂപപ്പെട്ട് വരുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ച് പരാജയപ്പെട്ട അതേ തന്ത്രം തന്നെയാണ് ബൈഡനും ഉപയോഗിക്കുന്നത് എന്ന് ബ്ലിങ്കണിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അഭിപ്രായങ്ങള്‍ ഇറാനില്‍ നിന്ന് ഉയര്‍ന്നിരുന്നു.

ഇത്തരത്തിലുള്ള സമീപനങ്ങള്‍ ശരിയായിരുന്നുവെങ്കില്‍ ഇറാനില്‍ നിന്ന് ഒരു ഫോണ്‍ കോളിന് കാത്തുകാത്തിരുന്ന് ട്രംപിന് അധികാരമൊഴിയേണ്ടി വരില്ലായിരുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുടെ ഉപദേഷ്ടാവ് പ്രതികരിച്ചു.

അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചാല്‍ ഉടന്‍ കരാറിലേക്ക് തിരികെ മടങ്ങാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരിഫ് നിരവധി തവണ ആവര്‍ത്തിച്ചിരുന്നു.

നിലവിലെ കരാര്‍ വ്യവസ്ഥകളില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറല്ലെന്നും സരിഫ് പറഞ്ഞിരുന്നു. ഇറാന്റെ മിസൈല്‍ പദ്ധതികളിലും ചര്‍ച്ചകള്‍ നടക്കില്ലെന്നും സരിഫ് കൂട്ടിച്ചേര്‍ത്തിരുന്നു.

2015ല്‍ ഒബാമയുടെ ഭരണകാലത്ത് ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കുന്ന കാലത്താണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവകരാറില്‍ ഏര്‍പ്പെടുന്നത്.

ജോയിന്റ് കോപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ) എന്ന് വിളിച്ച കരാറില്‍ നിന്ന് 2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഇറാന് അമേരിക്ക ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സീന്‍ ഫക്രീസാദിയുടെ കൊലപാതകം ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയിരുന്നു.
ഫക്രീസാദിയുടെ കൊലപാതകത്തിന് പിന്നാലെ ആണവ പദ്ധതികള്‍ക്കുമേല്‍ ഉണ്ടായിരുന്ന അന്താരാഷ്ട്ര മേല്‍നോട്ടം ഒഴിവാക്കികൊണ്ട് ഇറാന്‍ നിയമനിര്‍മ്മാണവും നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Iran disappointed after Biden administration says sanctions to stay in place