അറബിക്കടിലെ ഡ്രോണാക്രമണിത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക; നിഷേധിച്ച് ഇറാന്‍
World News
അറബിക്കടിലെ ഡ്രോണാക്രമണിത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക; നിഷേധിച്ച് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th December 2023, 10:35 am

ടെഹ്റാന്‍: അറബിക്കടലില്‍ വാണിജ്യ കപ്പലിന് നേരെ നടന്ന ഡ്രോണാക്രമണത്തിന് പിന്നില്‍ ഇറാനെന്ന അമേരിക്കയുടെ വാദം നിഷേധിച്ച് ഇറാന്‍ സര്‍ക്കാര്‍. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന യെമനിലെ ഹൂത്തി വിമതരുടെ ആക്രമണങ്ങള്‍ സര്‍ക്കാരുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്ന് ഇറാന്‍ അറിയിച്ചു.

അറബിക്കടലില്‍ ഡ്രോണാക്രമണം നേരിട്ട കപ്പല്‍ ഒരു ലൈബീരിയന്‍ പതാകയുള്ള, ജാപ്പനീസ് ഉടമസ്ഥതയിലുള്ളതും നെതര്‍ലാന്‍ഡ്സില്‍ പ്രവര്‍ത്തിക്കുന്നതുമായ ടാങ്കറാണെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. സംഭവ സ്ഥലത്ത് നിന്ന് മുംബൈ തുറമുഖത്തേക്ക് തിരിച്ച കപ്പലിന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സുരക്ഷയൊരുക്കിയതായി ഇന്ത്യന്‍ നാവിക സേന അറിയിച്ചു.

2021ന് ശേഷം വാണിജ്യ കപ്പല്‍ ഗതാഗതത്തിന് നേരെ നടക്കുന്ന ഏഴാമത്തെ ഇറാനിയന്‍ ആക്രമണമാണിതെന്ന് പെന്റഗണ്‍ ഉന്നയിച്ചു. ഇറാനികള്‍ ഇന്ത്യയിലേക്ക് പോകുന്ന കപ്പലിന് നേരെ വണ്‍വേ എക്സ്പെന്‍ഡബിള്‍ ഡ്രോണ്‍ പ്രയോഗിച്ചുവെന്നാണ് പെന്റഗണ്‍ ഉയര്‍ത്തുന്ന വാദം.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് അറബിക്കടലില്‍ വാണിജ്യ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നത്. കപ്പലുകളില്‍ ഡ്രോണ്‍ ഇടിക്കുകയും തുടര്‍ന്ന് തീപിടുത്തം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പോര്‍ബന്തര്‍ തീരത്ത് നിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ എം.വി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. സൗദി അറേബ്യയിലെ തുറമുഖത്ത് നിന്ന് മംഗളൂരുവിലേക്ക് പോകും വഴിയാണ് ഡ്രോണുകള്‍ കപ്പലിലിടിക്കുന്നത്. ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ അടക്കമുള്ള കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

Content Highlight: Iran denies US claims that Iran was behind the drone attack