ഇറാന്‍ ആണവായുധത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: ഖമേനി
World
ഇറാന്‍ ആണവായുധത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: ഖമേനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th August 2012, 2:34 pm

ടെഹ്‌റാന്‍: ഇറാന്‍ ആണവായുധങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി വ്യക്തമാക്കി. ഇറാനില്‍ ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.[]

ആണവായുധങ്ങള്‍ ഉപയോഗിക്കാനോ അത് നിര്‍മിക്കാനോ ഇറാന്‍ ആഗ്രഹിക്കുന്നില്ല, ലോക രാജ്യങ്ങളുടെ നാശത്തിന് മാത്രമേ ആണവായുധങ്ങള്‍ വഴിവെയ്ക്കുകയുള്ളൂ, അതേ നിലപാട് തന്നെയാണ് ഇറാനും. ആണവായുധ നിര്‍മാണത്തിനായി ഇറാന്‍ പണം ചിലവഴിക്കാറില്ല. ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് തന്നെ കുറ്റകരമാണെന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്.

ആണവായുധങ്ങളുടെ ഉപയോഗം മാപ്പര്‍ഹിക്കാത്ത വലിയ തെറ്റായിട്ടാണ് ഇറാന്‍ കണക്കാക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം എന്നാല്‍ രാജ്യത്തെ ആണവപദ്ധതി ഉപേക്ഷിക്കാന്‍ തയാറല്ലെന്നും വ്യക്തമാക്കി.

അമേരിക്ക ലോകത്തെ ഭയപ്പെടുത്തിയാണ് ജീവിക്കുന്നത്. എന്നാല്‍ അത് അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.