രാജ്യത്തെ വസ്ത്രധാരണ നിബന്ധനകള്‍ ലംഘിച്ചതിന്റെ പേരില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ ഭയന്ന് ഇറാനിയന്‍ യുവതി.
റഷ്യയില്‍ നടന്ന വുമണ്‍സ് വേള്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ റഫറിയായിരുന്ന ഷൊരെ ബയത് എന്ന 32കാരിയാണ് ഇറാനിലേക്ക് മടങ്ങാതെ റഷ്യയില്‍ തങ്ങുന്നത്.
ഇറാനിലെ ചെസ് ഫെഡറേഷനില്‍ നിന്നും തന്റെ സുരക്ഷ സംബദ്ധിച്ച് ഉറപ്പുകിട്ടിയാല്‍ മാത്രമേ തിരിച്ചു പോകൂ എന്നാണ് ഷൊരെ ബയത് റോയിട്ടേര്‍സിനോട് പ്രതികരിച്ചത്.
ചെസ് ചാമ്പ്യന്‍ഷിപ്പില്‍ റഫറിയായിരുന്ന ബയതിന്റെ ചിത്രങ്ങള്‍ ഇറാനിയന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ബയത് പ്രതിസന്ധിയിലായത്. ഹിജാബ് ധരിക്കാത്ത ചിത്രങ്ങള്‍ വിവാദമായതോടെ സംഭവത്തില്‍ മാപ്പു പറഞ്ഞു കൊണ്ട് കത്തയക്കാന്‍ ഇറാനിയന്‍ ചെസ് ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹിജാബിനെ പിന്തുണയ്ക്കാത്തതിനാല്‍ മാപ്പു പറയില്ലെന്നാണ് ബയാത് പ്രതികരിച്ചത്.
ഹിജാബ് ധരിച്ചതു കൊണ്ട് ഒരു മാറ്റവും ഉണ്ടാവാന്‍ പോവുന്നില്ല എന്നാണ് ബയാത് ഇറാനിലെ ഹിജാബ്് നിബന്ധനകളെ കുറിച്ച് പ്രതികരിച്ചത്.
സംഭവത്തില്‍ ബയാതിന് പിന്തുണയറിയിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ലിഗേല്‍ ശോര്‍ത് രംഗത്തെത്തിയിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇറാനില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ കായിക താരങ്ങള്‍ ഇതിനു മുമ്പും വിവാദങ്ങളിലകപ്പെട്ടിട്ടുണ്ട്.
ജനുവരി ആദ്യം ഇറാന്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്ററായ മിത്ര ഹെജാസിയര്‍ എന്ന വനിതയെ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മോസ്‌കോവില്‍ വെച്ച് നടന്ന വേള്‍ഡ് റാപ്പിഡ് ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്താക്കിയിരുന്നു.