തെഹ്‌രാന്‍: ഇറാനെതിരെ ആഗോളതലത്തില്‍ നടപടികള്‍ ഉണ്ടാവണമെന്ന സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ ആഹ്വാനത്തിനു പിന്നാലെ പ്രതികരണവുമായി ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം. വിദ്വേഷത്തില്‍ നിന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ നിന്നും സൗദി ഭരണകൂടം മാറി നില്‍ക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇറാന്റെ ആണവായുധ പ്രവര്‍ത്തനങ്ങളെയും ബാലിസ്റ്റിക് മിസൈല്‍ പ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കാന്‍ ആഗോളതലത്തില്‍ നടപടിയുണ്ടാവണമെന്ന് സൗദി രാജാവ് പറഞ്ഞതിനു പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
‘ ഇറാന്റെ സന്ദേശം വ്യക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. യെമന്‍ ജനതയെ കൊലപ്പെടുത്തുന്നതിലൂടെ സമാധാനം കൈവരിക്കാനാവില്ലെന്ന് സൗദി ഭരണകൂടം അറിഞ്ഞിരിക്കണം. വഹാബിസത്തെയും തക്ഫിരി ഗ്രൂപ്പുകളെയും പ്രചരിപ്പിക്കുന്നതിലൂടെ ഈ പ്രദേശത്തെ ഭരിക്കാനാവില്ല. മുസ്‌ലിം ലോകത്ത് നിന്നുള്ള വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ഫലസ്തീനെ ചതിക്കാനാവില്ല,’ ഇറാന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധി സയീദ് ഖാതിബ്‌സെദെ വിര്‍ച്വല്‍ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.
‘ സൗദി ഭരണാധികാരികള്‍ ഈ തെറ്റായ പാതയില്‍ നിന്ന് പിന്‍മാറാത്തിടത്തോളം കാലം പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ പോലുമുള്ള ഈ ഒറ്റപ്പെട്ട സ്ഥിതി മെച്ചപ്പെടാനിടയില്ല,’
ഒപ്പം മുസ്‌ലിം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ ഞങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ കൈ ഇപ്പോഴും എല്ലാ ഇസ്‌ലാമിക രാജ്യങ്ങള്‍ക്കുമായി തുറന്നിരിക്കുന്നു,’ ഇറാന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധി പറഞ്ഞു.
‘ സൗദിയുടെ പദ്ധതികള്‍ നമുക്കെല്ലാവര്‍ക്കും പരിചിതമാണ്, അവരുടെ അയല്‍ക്കാരായിരിക്കണമെന്നത് ഞങ്ങള്‍ തെരഞ്ഞെടുത്തതല്ല, പക്ഷെ നമ്മള്‍ അയല്‍ക്കാരാണ്. അവര്‍ക്ക് മറ്റൊരു വഴിയുമില്ല, നമുക്കെല്ലാവര്‍ക്കും ഈ മേഖലയുടെ മുന്നേറ്റത്തിനായി ഐക്യപ്പെടുകയല്ലാതെ മറ്റു വഴിയൊന്നുമില്ല,’ ഇറാന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക