റിയാദ്: ജിദ്ദയിലെ പെട്രോള്‍ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കിലുണ്ടായ തീപിടുത്തത്തിന് പിന്നില്‍ യമന്‍ വിമത സായുധസംഘമായ ഹൂതികളാണെന്ന് തെളിഞ്ഞതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി.
ഇറാന്റെ പിന്തുണയോടെ നടന്ന ആക്രമണമാണിതെന്നും ഹൂതികളാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയേയല്ല, ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിനെ തന്നെയാണ് ഭീകരസംഘം ഉന്നമിടുന്നത്. ആഗോള ഊര്‍ജ്ജ സുരക്ഷയെ തകര്‍ക്കലാണ് ലക്ഷ്യം, അല്‍ മാലികി പറഞ്ഞു.
തിങ്കളാഴ്ച ജിദ്ദയ്ക്കെതിരായ ആക്രമണം ‘സൗദി അരാംകോയുടെ അബ്‌കൈക്കിലെയും ഖുറൈസിലെയും എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള തീവ്രവാദ ആക്രമണത്തിന്റെ തുടര്‍ച്ചയാണ്’ , അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ ജനങ്ങളെയും സാമ്പത്തിക സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം കൂടിയാണ്. യുദ്ധക്കുറ്റത്തിന് സമാനമാണിത്, അല്‍ മാലികി പറഞ്ഞു.
അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ ഇന്ധന സംസ്‌കരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നേരത്തെ നടത്തിയ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നും ക്രൂയിസ് മിസൈലും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും ഉപയോഗിച്ച് അബ്‌ഖൈഖ്, ഖുറൈസ് പെട്രോളിയം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത് ഹൂതികളാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ഭരണകൂടമാണെന്ന് തെളിഞ്ഞതാണെന്നും അല്‍ മാലികി പറഞ്ഞു.