ഇസ്രഈലി സേനയെ മുസ്‌ലിം രാജ്യങ്ങൾ 'തീവ്രവാദ സംഘടന'യായി പ്രഖ്യാപിക്കണം: ഇറാൻ പ്രസിഡന്റ്‌
World News
ഇസ്രഈലി സേനയെ മുസ്‌ലിം രാജ്യങ്ങൾ 'തീവ്രവാദ സംഘടന'യായി പ്രഖ്യാപിക്കണം: ഇറാൻ പ്രസിഡന്റ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th November 2023, 10:45 pm

റിയാദ്: സൗദി അറേബ്യയിലെ അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രഈലി സേനയെ ‘തീവ്രവാദ സംഘടന’യായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റഈസി.

‘അധിനിവേശം നടത്തുന്ന സേനയെ ഇസ്‌ലാമിക സർക്കാരുകൾ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം,’ അറബ്, മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ റഈസി പറഞ്ഞു.

മാർച്ചിൽ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചതിനുശേഷം ആദ്യമായാണ് റഈസി സൗദിയിൽ എത്തുന്നത്.

ഇസ്രഈലുമായി ബന്ധം തുടരുന്ന അറബ് രാജ്യങ്ങളോട് അവരോടുള്ള നിലപാട് കടുപ്പിക്കാനും ഫലസ്തീനികൾക്ക് കൂടുതൽ പിന്തുണ നൽകുവാനും റഈസി ആവശ്യപ്പെട്ടു.

സയണിസ്റ്റ് ഭരണകൂടവുമായി എല്ലാ തരത്തിലുമുള്ള രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കുന്നത് ഇസ്‌ലാമിക രാജ്യങ്ങൾ എടുക്കുന്ന വളരെ പ്രധാനപ്പെട്ട ചുവടാണെന്ന് അദ്ദേഹം പറഞ്ഞു. ഊർജ മേഖലയിൽ സയണിസ്റ്റ് ഭരണകൂടത്തെ ബഹിഷ്കരിക്കുന്നതിന് മുൻതൂക്കം നൽകുന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു

ഇസ്രഈലിന് സാമ്പത്തിക, സൈനിക പിന്തുണ നൽകുന്ന അമേരിക്കയെയും റഈസി കടന്നാക്രമിച്ചു. ഈ കുറ്റകൃത്യത്തിന്റെ പ്രധാന കൂട്ടാളിയും കമാൻഡറും യു.എസ് സർക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഗസയിലെ ഇസ്രഈലി ആക്രമണത്തിൽ നിലപാടുകൾ ചർച്ച ചെയ്യാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കുന്ന അറബ് രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടിയാണ് റിയാദിൽ നടന്നുകൊണ്ടിരിക്കുന്നത്. അറബ്, ഇസ്‌ലാമിക രാജ്യങ്ങൾ സംയുക്തമായി ഗസ വിഷയം ചർച്ച ചെയ്യാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നത് എന്നത് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.

ഇറാൻ, തുർക്കി, സിറിയ, ഈജിപ്‌ത്, ഇറാഖ് തുടങ്ങി 22 രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

CONTENT HIGHLIGHT: Iran asks Muslim countries to designate Israel army ‘terrorist organisation’