ന്യൂദല്‍ഹി: ഗസക്കെതിരായ ഇസ്രഈലിന്റെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ എല്ലാ ശേഷിയും ഉപയോഗിക്കണമെന്ന് ഇന്ത്യയോട് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി. ഇസ്രഈല്‍-ഹമാസ് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് റഈസി ഇക്കാര്യം ആവശ്യപ്പെട്ടത്.
‘ഗസയിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കെതിരായ സയണിസ്റ്റ് കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ഇന്ത്യ എല്ലാ കഴിവുകളും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ റഈസി പറഞ്ഞു.
പാശ്ചാത്യ കൊളോണിയലിസത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങളെയും ലോകത്തെ ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനത്തെയും റെയ്സി അനുസ്മരിച്ചു. ഉപരോധം നീക്കുന്നതിനും ഗസയിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും അടിയന്തര വെടിനിര്‍ത്തലിനും എല്ലാ പിന്തുണയും നല്‍കുമെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
‘ഇസ്രഈലിന്റെ ഫലസ്തീന്‍ ആക്രമണം ലോകത്തിലെ എല്ലാ സ്വതന്ത്ര രാജ്യങ്ങളെയും പ്രകോപിപ്പിച്ചിട്ടുണ്ട്, ഈ കൂട്ടക്കുരുതി ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,’ അദ്ദേഹം പറഞ്ഞു.
അടിച്ചമര്‍ത്തപ്പെട്ടവരും നിരപരാധികളുമായ സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നതും ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍, പാര്‍പ്പിടങ്ങള്‍ എന്നിവയ്ക്കെതിരായ ആക്രമണങ്ങള് അപലപനീയവും അസ്വീകാര്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000 കടന്നു. ഇന്നലെ രാത്രിയും ഗസയില്‍ ഇസ്രഈലിന്റെ ശക്തമായ ആക്രമണം തുടര്‍ന്നു. ആശുപത്രികള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. ഗസ സിറ്റിയിലെ നാസര്‍ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.
Content Highlights: Iran asks India to use all its capacities to end Israel’s assault on Gaza