| Monday, 12th September 2022, 4:35 pm

അമേരിക്കയെ അവഗണിച്ചേക്കൂ, റഷ്യന്‍ മോഡല്‍ ഞങ്ങളുടെ കാര്യത്തിലും പിന്തുടരൂ; എണ്ണ വ്യാപാരം പുനസ്ഥാപിക്കാന്‍ ഇന്ത്യയോട് ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ മറികടന്നുകൊണ്ട് എണ്ണ വ്യാപാരം പുനരാരംഭിക്കാന്‍ ഇന്ത്യയെ പ്രചോദിപ്പിച്ച് ഇറാന്‍.

അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധങ്ങളെ മറികടന്ന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയ അതേ മോഡല്‍ തങ്ങളുടെ രാജ്യത്ത് നിന്നും എണ്ണ വാങ്ങിക്കൊണ്ട് ഇന്ത്യ പിന്തുടരണമെന്നാണ് ഇപ്പോള്‍ ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉസ്‌ബെകിസ്ഥാനിലെ സമര്‍കണ്ടില്‍ വെച്ച് നടത്താനിരിക്കുന്ന ഷാങ്ഹായ് കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (Shanghai Cooperation Organisation) കൗണ്‍സില്‍ ഉച്ചകോടിയില്‍ വെച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഇക്കാര്യം ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ഉപരോധങ്ങള്‍ മറികടന്നുകൊണ്ട് ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന കാര്യവും റഈസി ഉച്ചകോടിയില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ സാധ്യതയുണ്ട്.

സെപ്റ്റംബര്‍ 15, 16 തീയതികളിലായാണ് എസ്.സി.ഒ ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി, മറ്റ് സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ എന്നിവരായിരിക്കും ഉച്ചകോടിയില്‍ പങ്കെടുക്കുക.

2019ല്‍ അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഇറാന് മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു ആ വര്‍ഷം മേയ് മാസം മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിര്‍ത്തിവെച്ചത്.

യു.എസ് ഏകപക്ഷീയമായി ഉപരോധമേര്‍പ്പെടുത്തുന്നതിന് മുമ്പുവരെ, ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ.

ജോയിന്റ് കോംപ്രിഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (Joint Comprehensive Plan of Action- JCPOA) എന്ന പേരിലറിയപ്പെടുന്ന ഇറാന്‍ ആണവ കരാറില്‍ (Iran Nuclear Deal) നിന്നും അമേരിക്കയിലെ ട്രംപ് ഭരണകൂടം പിന്‍വാങ്ങിയതോടെയായിരുന്നു എണ്ണ വ്യാപാരത്തില്‍ നിന്നും പിന്‍വലിയാന്‍ ഇന്ത്യക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായത്.

നേരത്തെ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ അമേരിക്കയും മറ്റ് നാറ്റോ- യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ഉപരോധമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സബ്‌സിഡിയോട് കൂടി എണ്ണ നല്‍കാം എന്ന ഓഫര്‍ റഷ്യ മുന്നോട്ട് വെച്ചതോടെ ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയിരുന്നു.

അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷവും റഷ്യയടെ എണ്ണ വരുമാനം കുത്തനെ കൂടി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Content Highlight: Iran asks India to ignore US sanctions, follow Russian model and resume oil purchases

We use cookies to give you the best possible experience. Learn more