ടെഹറാന്‍ : ടെഹറാനിലെ മെട്രോയില്‍ മത പൊലീസ് ആക്രമണത്താല്‍ മരിച്ചു എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ അഭിഭാഷകയെ അറസ്റ്റ് ചെയ്തു.
ഇറാന്റെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചെന്നാരോപിച്ച് അഭിഭാഷകയായ നസ്‌റിന്‍ സൊതൗദെയെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തതെന്ന് രാജ്യത്തിന്റെ സുരക്ഷാ സേനയുമായി ബന്ധമുള്ള ഫാര്‍സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മെട്രോയില്‍ ശിരോവസ്ത്രം ധരിക്കാത്തതിന് മത പൊലീസ് ആക്രമിച്ചെന്ന് കരുതുന്ന അമിത ഗെര്‍വാന്ദിന്റെ സംസ്‌കാരചടങ്ങില്‍ നസ്‌റിനെ കൂടാതെ ഒന്നിലധികം പേരുടെ അറസ്റ്റ് നടന്നതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് യുറോപ്യന്‍ പാര്‍ലമെന്റിന്റെ 2012 ലെ സഖറോവ് പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് 60 കാരിയായ സൊതൗദെ. ഹിജാബ് നിയമത്തിനെതിരെ അവര്‍ പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതെ പ്രതിഷേധം നടത്തിയിരുന്നു. സമീപ വര്‍ഷങ്ങളില്‍ നിരവധി തവണ അവര്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 2019ല്‍ തടവിലാക്കപ്പെട്ട സൊതൗദെയെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം 2021ല്‍ മോചിപ്പിക്കപ്പെട്ടു.
‘എന്റെ ഭാര്യയുള്‍പ്പടെ നിരവധിപേരെ അമിതാ ഗെര്‍വാന്ദിന്റെ സംസ്‌കാര ചടങ്ങിനിടെ അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ അവളെ ക്രൂരമായി മര്‍ദിച്ചു,’ സൊതൗദെയുടെ ഭര്‍ത്താവ് റെസ ഖണ്ഡാന്‍ പറഞ്ഞു.
ഗര്‍വാന്ദിന്റെ സംസ്‌കാരം നടക്കുന്ന ബെഹേഷ് -ഇ -സഹ്‌റ സെമിത്തേരിക്ക് പുറത്ത് തടിച്ചു കൂടിയ സമൂഹിക പ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും സുരക്ഷാ സേന ആക്രമിച്ചതായും അറസ്റ്റ് ചെയ്തതായും ശവസംസ്‌കാരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തക പറഞ്ഞു.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ടെഹ്‌റാനിലെ മെട്രോയില്‍ ആക്രമിക്കപ്പെട്ട 16 കാരി അമിതാ ഗര്‍വാന്ദ് ഒക്ടോബര്‍ 28ന് മരിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ഒരാഴ്ചയോളം അമിതാ ഗര്‍വാന്ദ് ടെഹ്‌റാന്‍ ആശുപത്രിയില്‍ കോമയിലായിരുന്നു.
ഹിജാബ് ധരിക്കാത്തതില്‍ ഇറാന്റെ സദാചാര പൊലീസാക്രമണത്തിലാണ് കുട്ടി അബോധാവസ്ഥയില്‍ ആയതെന്നാണ് ആക്ടിവിസ്റ്റുകള്‍ പറഞ്ഞത്. എന്നാല്‍ അധികൃതര്‍ ഇത് നിഷേധിച്ച് കുട്ടി കുഴഞ്ഞ് വീണതാണെന്ന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട യാതൊരു ഔദ്യോഗിക വിശദീകരണവും ഇറാന്‍ ആഭ്യന്തരമന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഹിജാബ് ധരിക്കാതെ അമിതാ ഗെര്‍വാന്ദ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിനിനടുത്തേക്ക് വരുന്ന ദൃശ്യങ്ങളുടെ സി.സി.ടി.വി ഫൂട്ടേജ് ഐ.ആര്‍.എന്‍.എ പുറത്തുവിട്ടിരുന്നു. പിന്നീട് ട്രെയിനില്‍ നിന്ന് മറ്റു യാത്രക്കാര്‍ അബോധാവസ്ഥയിലുള്ള കുട്ടിയെ പുറത്തുകൊണ്ടുവരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് ‘സദാചാര പൊലീസിന്റെ’ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ ഒന്നാം ചരമവാര്‍ഷികത്തിനു പിന്നാലെയാണ് അമിതാ ഗെര്‍വാന്ദിന്റെ മരണം.
content highlight: Iran arrests lawyer at funeral of girl who died after metro incident