| Monday, 4th November 2024, 8:59 am

ഹിജാബ് നിയന്ത്രണം; ഇറാന്‍ ഭരണകൂടത്തിനെതിരെ വസ്ത്രമഴിച്ച് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇറാന്റെ ഹിജാബ് നിയന്ത്രണങ്ങള്‍ക്കെതിരെ വസ്ത്രമഴിച്ച് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി. ടെഹ്റാന്‍ സയന്‍സ് റിസര്‍ച്ച് സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥിനിയാണ് ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചത്. 2022ല്‍ കൊല്ലപ്പെട്ട മഹ്സ അമിനിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധം കൂടിയായിരുന്നു വിദ്യാര്‍ത്ഥിനിയുടേത്.

വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അടിവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥിനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്കെതിരെ ഇറാന്‍ പൊലീസ് നടപടിയെടുക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ പൊലീസ് വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി ഗ്രൂപ്പായ അമീര്‍ കബീറിന്റെ വാര്‍ത്താക്കുറിപ്പ് ഉദ്ധരിച്ച് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

സമീപത്തുണ്ടായ കാറിന്റെ ടയറുകളില്‍ രക്തക്കറകള്‍ കണ്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുപക്ഷെ വിദ്യാര്‍ത്ഥിനിയുടെ തല കാറില്‍ ഇടിച്ചിരിക്കാമെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ പൊലീസിന് കൈമാറിയതെന്ന് ഇസ്‌ലാമിക് ആസാദ് സര്‍വകലാശാലയിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അമീര്‍ മഹ്ജൂബ് പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ ലക്ഷ്യം എന്തായിരുന്നു എന്നതില്‍ അന്വേഷണം നടക്കുകയാണെന്നും അമീര്‍ മഹ്ജൂബ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

ഇറാന്‍ ഭരണകൂടത്തിന്റെ വസ്ത്ര നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തതില്‍ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു.

ആംനസ്റ്റി ഇന്റര്‍നാഷണല്‍

വിദ്യാര്‍ത്ഥിയെ നിരുപാധികമായി മോചിപ്പിക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. അറസ്റ്റിനിടെ വിദ്യാര്‍ത്ഥിനി മര്‍ദനവും ലൈംഗികാതിക്രമവും നേരിട്ടുവെന്ന ആരോപണങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും മനുഷ്യാവകാശ സംഘടന പറഞ്ഞു.

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഖുര്‍ദിഷ് വംശജയായ മഹ്‌സയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കസ്റ്റഡിയില്‍ വെച്ച് മഹ്‌സ കൊല്ലപ്പെടുകയും ചെയ്തു.

തുടര്‍ന്ന് അമിനിയുടെ മരണവും മരണാനന്തരച്ചടങ്ങും റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ഇറാന്‍ രംഗത്തെത്തി. മഹ്‌സ അമിനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ വനിതാ മാധ്യമപ്രവര്‍ത്തകരായ ഹമീദിയെയും മുഹമ്മദിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ഇറാന്‍ ജുഡീഷ്യറി ഏഴ് വര്‍ഷം തടവിന് വിധിക്കുകയും ചെയ്തിരുന്നു.

മഹ്സയുടെ മരണത്തിനും മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനും ശേഷം ഇറാന്‍ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

2023 ഒക്ടോബറില്‍ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയ അര്‍മിത ഗെരവെന്ദ് എന്ന പെണ്‍കുട്ടിയെ ടെഹ്റാനിലെ മെട്രോയില്‍ നിന്ന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് കോമയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

Content Highlight: Iran arrests female student who stripped to protest harassment

We use cookies to give you the best possible experience. Learn more