| Sunday, 7th April 2024, 2:08 pm

പെരുന്നാള്‍ ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി; ഇസ്‌ലാമിക് സ്റ്റേറ്റ് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: റമദാന്‍ മാസത്തിന്റെ അവസാനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐ.എസ്.ഐ.എല്ലിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തതായി ഇറാന്‍.

ടെഹ്റാനില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ പടിഞ്ഞാറായുള്ള അല്‍ബോര്‍സ് പ്രവിശ്യയില്‍, അവിടെയുള്ള ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് മുതിര്‍ന്ന ഐ.എസ്.ഐ.എല്‍ അംഗമായ മുഹമ്മദ് രമേഷ് സാക്കറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് സയീദ് മൊണ്ടസെറോള്‍മഹ്ദി പറഞ്ഞു.

സാക്കറിനൊപ്പം രണ്ട് ഐ.എസ്.ഐ.എല്‍ അംഗങ്ങളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

പെരുന്നാളിന് മുമ്പായി ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന തീവ്രവാദികളുടെ കൂടെ ഉണ്ടായിരുന്ന എട്ട് പേരെ കൂടെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ജനുവരിയില്‍ കെര്‍മനില്‍ ഇരട്ട സ്ഫോടനങ്ങള്‍ നടക്കുകയും അതില്‍ നൂറോളം ആളുകള്‍ കൊല്ലപ്പെടുകയും ഇരുന്നൂറില്‍ അധികം ആളുകള്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.

അന്നത്തെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐ.എസ്.ഐ.എല്ലിന്റെ അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസാന്‍ പ്രവിശ്യ ഏറ്റെടുത്തിരുന്നു. ആ സംഭവത്തില്‍ 35 പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ പ്രതികരിച്ചിരുന്നു.

Content Highlight: Iran Arrested Isil Members For Plan Suicide Attack In Eid Ul Fitr

We use cookies to give you the best possible experience. Learn more