| Wednesday, 25th September 2013, 12:20 am

ആണവോര്‍ജ്ജം: 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്ക ഇറാനുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വാഷിങ്ടണ്‍: മുപ്പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആണവോര്‍ജ വിഷയത്തില്‍ അമേരിക്ക ഇറാനുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു.

ജനീവയിലെ യു.എന്‍ ആസ്ഥാനത്തുവെച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫും യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിയും തമ്മില്‍ ഇറാന്റെ ആണവോര്‍ജ വിഷയത്തില്‍ ചര്‍ച്ച നടത്തും.

ഇറാന്‍ വിഷയത്തില്‍ നിരന്തരമായി ചര്‍ച്ച നടത്തുന്ന യു.എന്‍ രക്ഷാസമിതി അംഗങ്ങളുടെയും ജര്‍മിനി, റഷ്യ, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ആണവ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്കണഠ മനസ്സിലാക്കിയാണ് ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായത് എന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്‌സ് ന്യൂയോര്‍ക്കില്‍ പറഞ്ഞു.

വിവിധ വിഷയങ്ങളില്‍ ചര്‍ച്ചചെയ്യുമെന്നും ഇറാനുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇറാനിലെ പുതിയ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ചയൊന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആണവോര്‍ജ വിഷയത്തില്‍ 1979 ന് ശേഷം ഇതാദ്യമായാണ് അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ച നടത്തുന്നത്്.

യു.എസ്, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, എന്നീ സുരക്ഷാസമിതിയ്ക്ക് പുറമെ ജര്‍മനിയും ചേര്‍ന്ന് ആറ് രാഷ്ട്രസമിതി ഇറാനുമായുള്ള സമാധാന ചര്‍ച്ചയ്ക്കുവേണ്ടി 2006 ല്‍ ഒരു കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് ഈ കൂടിക്കാഴ്ച്ചയും നടക്കുന്നത്്.

We use cookies to give you the best possible experience. Learn more