അമേരിക്കന്‍ വിലക്കുകള്‍ നേരിടുന്ന ഇറാന്‍ പ്രതിസന്ധികളെ മറികടക്കാന്‍ വേണ്ടി ചൈനയുമായി വമ്പന്‍ കരാറുകളില്‍ പങ്കാളികളാവുന്നു. 25 വര്‍ഷത്തേക്കുള്ള വ്യാപാര പങ്കാളിത്തത്തിനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരിക്കുന്നത്.
ദ ന്യൂയോര്‍ക്ക് ടൈംസിന് ലഭിച്ച രേഖകള്‍ പ്രകാരം ഇറാനിലെ എല്ലാ മേഖലകളിലും ചൈനീസ് സാന്നിധ്യം ശക്തിപ്പെടുകയാണ്. ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേ, തുടങ്ങിയ നിരവധി മേഖലകളില്‍ ഇറാന്‍ ചൈനീസ് സഹകരണം തേടുന്നുണ്ട്. ഇതിനു പകരമായി വലിയ ഇളവുകള്‍ നല്‍കി ഇറാനിയന്‍ എണ്ണ ചൈനയിലെത്തും. അടുത്ത 25 വര്‍ഷത്തേക്ക് ഇത്തരത്തില്‍ ഇറാനിയന്‍ ഓയില്‍ ചൈനയ്ക്ക് വ്യാപാരം ചെയ്യാനാണ് കരാര്‍. 18 പേജുള്ള രേഖകളാണ് ന്യൂയോര്‍ക്ക് ടൈംസിന്‍രെ റിപ്പോര്‍ട്ടിലുള്ളത്.
സൈനിക,ഇന്റലിജന്‍സ്,സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. 2016 ലെ ഇറാന്‍ സന്ദര്‍ശനത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങാണ് ഇറാന്‍-ചൈന സഹകരണം മുന്നോട്ട് വെച്ചത്. ജൂണില്‍ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി കാബിനറ്റില്‍ ഇതിന് അനുമതി പാസാക്കുകയും ചെയ്തു.
ഇറാന്‍ പാര്‍ലമെന്റില്‍ ഈ സഹകരണ നയം ഇതുവരെ അനുമതിക്കായി സമര്‍പ്പിച്ചിട്ടില്ല. ചൈനയും ഇതു സംബന്ധിച്ച പരസ്യ പ്രസ്താവനകള്‍ നടത്തിയിട്ടില്ല. ഇറാനു മേലുള്ള വിലക്കുകള്‍ അമേരിക്ക പുതുക്കിയ സാഹചര്യത്തില്‍ ഇറാന്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അമേരിക്കന്‍ വിലക്കുകളുള്ള ചൈന, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരമാണ്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന രാജ്യങ്ങളിലൊന്നായ ഇറാന് പക്ഷെ 2018 ലുള്ള അമേരിക്കന്‍ വിലക്കുകള്‍ കാരണം എണ്ണ വ്യാപാരം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ചൈനയ്ക്കുള്ള പ്രസക്തി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ചൈന. രാജ്യത്തിനു വേണ്ട എണ്ണയുടെ 75 ശതമാനം ചൈന ഇറക്കുമതി ചെയ്യുകയാണ്.
ഇറാനിയന്‍ പരമോന്നത നേതാവ് അയത്തൊള്ള അല്‍ ഖംനേഈയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായ അലി അഘ മൊഹമ്മദി അടുത്തിടെ ദേശീയ ടെലിവിഷനിലൂടെ പറഞ്ഞത് ഊര്‍ജ മേഖലയില്‍ ഇറാന്‍ പ്രാതിനിധ്യം നിലനിര്‍ത്തണമെങ്കില്‍ ഒരു ദിവസം 8.5 മില്യണ്‍ ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കണം. ഇതിന്റെ വ്യാപാരത്തിന് ഇറാന്‍ മുന്നില്‍ കാണുന്ന രാജ്യമാണ് ചൈന.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ഇനി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സാധ്യമല്ലെന്നാണ് പ്രസിഡന്റ് ഹസ്സന്‍ റുഹാനി കഴിഞ്ഞ ദിവസം പറഞ്ഞത്. നിയന്ത്രണങ്ങള്‍ സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കുമെന്നാണ് റുഹാനി പറഞ്ഞത്. കൊവിഡ് വ്യാപനമാണെങ്കില്‍ രാജ്യത്ത് രൂക്ഷവുമാണ്. കൊവിഡ് ബാധിച്ച് പശ്ചിമേഷ്യയില്‍ ഇതുവരെ മരിച്ചത് 20,000 ത്തിലേറെ പേരാണ് ഇവയില്‍ പകുതി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറാനില്‍ നിന്നാണ്. (ജൂലൈ 12 വരെ) എ.എഫ്.പി നടത്തിയ സര്‍വേയിലാണ് കണക്കുകള്‍ പുറത്തു വന്നത്.
‘ഇറാനുള്ള എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. ഒരേ ഒരു വഴി ചൈനയാണ്. വിലക്കുകള്‍ നീങ്ങുന്നത് വരെ അത് എന്തായാലും ഈ കരാറാണ് മികച്ച ചോയ്‌സ്,’ ഇറാനിയന്‍ കോളമിസ്റ്റായ ഫെരെയ്ദൗന്‍ മജ്‌ലെസി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
അതേ സമയം ചൈനയുമായി അടുക്കുന്നതില്‍ ഇറാനില്‍ നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്. മുന്‍ ഇറാന്‍ പ്രസിഡന്റായ മഹ്മുദ് അഹ്മദിനെജാദ് ആണ് ഇതില്‍ പ്രധാന വിമര്‍ശകന്‍. ജൂണില്‍ ഒരു വിദേശ രാജ്യവുമായി ഇറാന്‍ രഹസ്യകരാറുണ്ടെന്നും ഇത് ഇറാനിയന്‍ ജനത അംഗീകരിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഹസ്സന്‍ റുഹാനി ചൈനയുമായാണ് കരാര്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് അറിയിക്കുകയായിരുന്നു. ചൈനയുമായി കരാറിലേര്‍പ്പെട്ട ഏഷ്യന്‍ രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളും പിന്നീട് കടക്കെണിയിലായതാണ് വിമര്‍ശകര്‍ പൊതുവില്‍ ചൂണ്ടിക്കാട്ടുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ