ഞാന്‍ പ്രസിഡന്റായിരിക്കുന്നതു വരെ ഇറാനെ അണുവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ല- ട്രംപ്
international
ഞാന്‍ പ്രസിഡന്റായിരിക്കുന്നതു വരെ ഇറാനെ അണുവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ല- ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2020, 11:17 pm

വാഷിംഗ്ടണ്‍ ഡി.സി: ഇറാനെതിരെ പ്രതികരണവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇറാനെ അണുവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ലെന്നാണ് ട്രംപ് പറഞ്ഞത്.

ഇറാക്കിലെ യു.എസ് മിലിറ്ററി സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് ശേഷം ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇറാനെ അണുവായുധം കയ്യില്‍ വെക്കാന്‍ അനുവദിക്കില്ല,’ ട്രംപ് പറഞ്ഞു.

ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തോടെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചത്.

ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ ട്രംപ് നേരത്തെയും പ്രതികരിച്ചിരുന്നു. ഇറാഖില്‍ സ്ഥിതിചെയ്യുന്ന രണ്ട് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാനില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിച്ചു. നാശനഷ്ടങ്ങളും അപകടങ്ങളും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ എല്ലാം നല്ല രീതിയില്‍ പോകുന്നു. ഇതുവരെ ലോകത്ത് എവിടെയുള്ളതിനെക്കാളും ഏറ്റവും ശക്തവും മികച്ച സജ്ജീകരണവും ഉള്ള സൈന്യമാണ് ഞങ്ങള്‍ക്കുള്ളത് എന്നുമായിരുന്നു ട്രംപ് നേരത്തെ പ്രതികരിച്ചത്.

ഇറാന്റെ റെവലൂഷ്യണറി ഗ്വാര്‍ഡ് തലവനായ സുലൈമാനിയെ യു.എസ് ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് കൊലപ്പെടുത്തുന്നത്. ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനതാവളത്തിന് അടുത്ത് വെച്ചാണ് സുലൈമാനിയെ കൊലപ്പെടുത്തുന്നത്.

അതേസമയം ഇറാന്‍ ഇന്ന് ഇറാഖിലെ യു.എസ് സേനയുടെ ബേസിലേക്ക് നിരവധി തവണ മിസൈലുകള്‍ വിക്ഷേപിച്ചു. ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.12-ഓളം മിസൈലുകളാണ് സൈനിക താവളങ്ങളില്‍ ഇറാന്‍ വിക്ഷേപിച്ചത്.