ന്യൂദല്‍ഹി: പിടിച്ചെടുത്ത ഇസ്രഈല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലെ ഇന്ത്യക്കാരെ കാണാന്‍ നയതന്ത്രജ്ഞര്‍ക്ക് അനുമതി നല്‍കി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയനാണ് ഈ കാര്യം അറിയിച്ചത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കഴിഞ്ഞ ദിവസം നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ഇടയിലാണ് അമീര്‍ അബ്ദുള്ളാഹിയന്‍ ഇന്ത്യക്കാരെ കാണാന്‍ അനുവദിക്കുമെന്ന് ഉറപ്പുനല്‍കിയത്. എം.എസ്.സി ഏരീസ് എന്ന ചരക്ക് കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന ആവശ്യം ജയശങ്കര്‍ അറിയിക്കുകയായിരുന്നു.
‘ഞങ്ങള്‍ പിടിച്ചെടുത്ത കപ്പലിന്റെ വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഉടനെ തന്നെ ഇന്ത്യയുടെ പ്രതിനിധികള്‍ക്ക് ഈ കപ്പലിലെ ജീവനക്കാരെ നേരിട്ട് കാണാന്‍ കഴിയുന്നതാണ്,’ ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരുടെ അവസ്ഥയെ കുറിച്ച് ഓര്‍ത്ത് ജയശങ്കര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായി ഇറാന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. ദുബൈയിലേക്ക് പോകുകയായിരുന്ന ഇസ്രഈല്‍ കപ്പലിനെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചായിരുന്നു ഇറാന്‍ സൈന്യം പിടിച്ചെടുത്തത്.
കപ്പലിലെ 25 ജീവനക്കാരില്‍ നാല് മലയാളികളടക്കം 17 പേരും ഇന്ത്യക്കാരാണ്. കോഴിക്കോട് സ്വദേശി ശ്യാംനാഥ്, വയനാട് സ്വദേശി പി.വി. ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലെ മലയാളികള്‍. ഫിലിപ്പൈന്‍സ്, റഷ്യ, പാകിസ്താന്‍, എസ്‌തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.
Content Highlight: Iran Allow To See Indians On The Seized Ship