| Sunday, 26th November 2023, 1:37 pm

ഇറാനിൽ 17കാരൻ വധശിക്ഷക്ക് വിധേയനായെന്ന് മനുഷ്യാവകാശ സംഘടനകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാൻ: ഇറാനിൽ കൊലപാതകക്കുറ്റം ആരോപിച്ച് 17കാരനെ തൂക്കിലേറ്റിയതായി മനുഷ്യാവകാശ സംഘടനകൾ.

ഖൊറാസൻ ഇ റവാസി പ്രവിശ്യയിലെ സബ്സെവർ ജയിലിലാണ് ഹമീദ്രേസ അസാരി എന്ന 17കാരനെ തൂക്കിലേറ്റിയതെന്ന് ഹെങ്കോ, ഇറാൻ ഹ്യൂമൻ റൈറ്റ്സ് മനുഷ്യാവകാശ സംഘടകൾ പറഞ്ഞു.

തർക്കത്തിനിടയിൽ ഒരാളെ കൊലപ്പെടുത്തുമ്പോൾ അസാരിക്ക് 16 വയസായിരുന്നുവെന്നും 18 വയസ്സിന് താഴെ പ്രായമുള്ളവരെ കുട്ടികളായി നിർവചിക്കുന്ന യു.എന്നിന്റെ ബാലാവകാശ കൺവെൻഷനെ ലംഘിക്കുന്നതാണ് ഇറാന്റെ നടപടിയെന്നും സംഘടനകൾ അറിയിച്ചു.

‘കുട്ടികളെ വധശിക്ഷക്ക് വിധിക്കുന്ന വളരെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഏത് രാജ്യത്തേക്കാളും കൂടുതൽ പ്രായപൂർത്തിയാകാത്തവരെ അവിടെ തൂക്കിലേറ്റുന്നു,’ ഇറാൻ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു.

2019 മുതൽ ഇറാനിൽ ഇതുവരെ പ്രായപൂർത്തിയാകാത്ത 68 പേര് തൂക്കിലേറ്റിയതായും ഇറാൻ ഹ്യൂമൻ റൈറ്റ്സ് ആരോപിച്ചു.

‘ ഇറാനിൽ നിങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കണമെങ്കിൽ 18 വയസ്സ് ആകണം. എന്നാൽ നിങ്ങളെ തൂക്കിലേറ്റണമെങ്കിൽ 15 വയസ്സ് ആയാൽ മതി,’ സംഘടനയുടെ ഡയറക്ടർ മഹ്മൂദ് ആമിറി മുഖദ്ദാം പറഞ്ഞു.

ഹിജാബ് ധരിക്കാത്തതിന് ഇറാൻ പൊലീസിന്റെ കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം നടത്തിയ 20കളിൽ പ്രായമുള്ള മറ്റൊരു യുവാവിനെ നവംബർ 23ന് ഇറാൻ തൂക്കിലേറ്റിയിരുന്നു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന എട്ടാമത്തെ വ്യക്തിയാണ് ഇയാൾ.

ഇറാൻ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കുകൾ പ്രകാരം ഈ വർഷം മാത്രം 684 പേർ ഇറാനിൽ വധശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്.

CONTENT HIGHLIGHT: Iran: 17-year-old executed by hanging for murder

We use cookies to give you the best possible experience. Learn more