മുംബൈ: വിഷാദ രോഗത്തിനടിമയായിരുന്നു താനെന്നും നാല് വര്‍ഷത്തോളം അതിന് ചികിത്സതേടിയിരുന്നുവെന്ന ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ വിഷാദരോഗത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് ഇറ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
14-ാം വയസ്സില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട സംഭവമാണ് ഇറ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ തന്നെ ഒരുവര്‍ഷമെടുത്തെന്നും ഇറ പറഞ്ഞു. ഈ വിവരം പിതാവ് ആമിര്‍ ഖാനോടും അമ്മ റീന ദത്തയോടും പറഞ്ഞു.
‘പതിനാലാമത്തെ വയസ്സില്‍ ഞാന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു. വിചിത്രമായ സാഹചര്യമായിരുന്നു അത്. എന്താണ് ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അപ്പോള്‍ അറിയുമോ എന്നെനിക്ക് അറിയില്ല. അത് എല്ലാ ദിവസവും സംഭവിച്ചിരുന്നില്ല. അയാള്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു വര്‍ഷമെടുത്തു- ഇറാ ഖാന്‍ പറഞ്ഞു.
A post shared by Ira Khan (@khan.ira) on
‘ഞാന്‍ വേഗം ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. അവര്‍ എന്നെ മുന്നോട്ടുപോകാന്‍ സഹായിച്ചു. അങ്ങനെ ആ സാഹചര്യത്തില്‍ നിന്ന് ഞാന്‍ പുറത്തു കടന്നു. അതില്‍ നിന്ന് മോചിതയായതിനു ശേഷം എനിക്ക് അതോര്‍ത്ത് ഭയമൊന്നും തോന്നിയിട്ടില്ല. അത് എനിക്ക് ഇനി സംഭവിക്കില്ലെന്നും ആ അധ്യായം അവസാനിച്ചതായും എനിക്ക് തോന്നി. ഞാന്‍ അതെല്ലാം മറന്ന് മുന്നോട്ട് പോയി’-ഇറ പറഞ്ഞു.
തന്റെ ചെറുപ്പത്തിലായിരുന്നു മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്നും എന്നാല്‍ അത് തന്നെ മാനസികമായി ബാധിച്ചിരുന്നില്ലെന്നും ഇറ പറഞ്ഞു. അവര്‍ ഇപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും തങ്ങളുടേത് ഒരു രീതിയിലും തകര്‍ന്ന കുടുംബമല്ലെന്നും ഇറ പറഞ്ഞു.
വേര്‍പിരിയലിന് ശേഷവും തന്നെയും സഹോദരന്‍ ജുനൈദിന്റെയും കാര്യങ്ങള്‍ നോക്കുന്നതില്‍ അവര്‍ മികവ് പുലര്‍ത്തുന്നു. മാതാപിതാക്കളുടെ വേര്‍പിരിയലില്‍ വിഷമമുണ്ടെന്ന് ചിലര്‍ പറയാറുണ്ടെന്നും എന്നാല്‍ അതൊരിക്കലും തന്നെ മുറിവേല്‍പ്പിച്ചിട്ടില്ലെന്നും ഇറ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Ira khan reveals about sexual abuse