| Wednesday, 18th January 2023, 11:10 am

സര്‍ക്കാര്‍ ലക്ഷക്കണക്കിന് ഫണ്ട് അനുവദിക്കുന്ന കെ.എല്‍.എഫില്‍ മറ്റ് പ്രസാധകര്‍ക്ക് പ്രവേശനമില്ല: ഡി.സിക്കെതിരെ ഇപ്റ്റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടനം ഏകപക്ഷീയമാക്കുന്നുവെന്ന പ്രതിഷേധമുയര്‍ത്തി ഇന്ത്യ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (IPTA). കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് വര്‍ഷം തോറും നടത്തുന്ന ഫെസ്റ്റിവലില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നില്ലെന്ന് ഇപ്റ്റ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തില്‍ വിമര്‍ശനമുന്നയിച്ചു.

കേരളത്തിലെ സ്വകാര്യ പ്രസാധക സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ മാത്രമാണ് മുഖ്യ സംഘാടനം നടക്കുന്നതെന്നും മലയാളത്തിലെ പ്രശസ്തമായ പല പ്രസാധകര്‍ക്കും പ്രവേശനമുണ്ടായില്ലെന്നും ഇപ്റ്റ പറഞ്ഞു.

‘കോഴിക്കോട്ടു തന്നെയുള്ള പല എഴുത്തുകാരും കലകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും കാഴ്ചക്കാര്‍ മാത്രമായി. ലക്ഷക്കണക്കിന് രൂപ ഫണ്ട് അനുവദിക്കുന്നതോടൊപ്പം സംഘാടനം ജനകീയവും സുതാര്യവുമാണെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത കൂടി ഇടതുപക്ഷ സര്‍ക്കാരിനുണ്ട്,’ ജില്ലാ കമ്മിറ്റി പറഞ്ഞു.

ഡി.സി ബുക്‌സാണ് കെ.എല്‍.എഫിന്റെ സംഘാടകര്‍. കെ.എല്‍.എഫില്‍ നിന്നും ഡി.സി ബുക്‌സ് നടത്തുന്ന മറ്റ് പരിപാടികളില്‍ നിന്നും താനടക്കമുള്ള പല എഴുത്തുകാരെയും ഒഴിവാക്കുകയാണെന്ന് ആരോപിച്ച് കവി എസ്. ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചിരുന്നു.

കെ.എല്‍.എഫില്‍ എല്ലാ പ്രസാധകര്‍ക്കും ഇടം നല്‍കണമെന്ന് എസ്. ജോസഫും ആവശ്യപ്പെട്ടിരുന്നു.
‘പുസ്തക പ്രസാധനത്തിലൂടെ ജീവിക്കുന്ന ഒരുപാട് പേരുണ്ട്. വളരെ കഷ്ടപ്പെട്ടാണ് അവര്‍ ജീവിക്കുന്നത്. സര്‍ക്കാര്‍ സഹായം നല്‍കുന്ന സാഹിത്യ മേളയില്‍ എല്ലാവരുടെയും പ്രാതിനിധ്യം ഉണ്ടാകണം. എല്ലാ പ്രസാധകര്‍ക്കും പ്രാതിനിധ്യം നല്‍കിയാലേ വൈവിധ്യമുണ്ടാകൂ. എല്ലാവരുടെയും പ്രാതിനിധ്യത്തെ ഭയപ്പെടുന്നത് എന്തിനാണ്,’ ജോസഫ് ചോദിച്ചിരുന്നു.

കെ.എല്‍.എഫ് മാതൃകയില്‍ കേരള സാഹിത്യോത്സവം നടത്തണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിരുന്നു. കെ.എല്‍.എഫിന്റെ ചെലവിന്റെ ആറില്‍ ഒന്ന് പോലും വരില്ല അക്കാദമിയുടെ വാര്‍ഷിക ബജറ്റെന്നാണ് കേരള സാഹിത്യ അക്കാദമി ഡയറക്ടര്‍ കെ. സച്ചിദാന്ദന്‍ ഇതിനോട് പ്രതികരിച്ചത്.

കേരള സാഹിത്യ അക്കാദമിക്ക് സ്വകാര്യ സ്പോണ്‍സര്‍ഷിപ്പുകള്‍ക്ക് അനുവാദമില്ലെന്നും, രജിസ്ട്രേഷന്‍ ഫീ വാങ്ങിയാല്‍ ജനങ്ങള്‍ എതിര്‍ക്കുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഡി.സി ബുക്സ് മിനിസ്ട്രിയുടെ പ്രത്യേക അനുമതി വാങ്ങിയത് കൊണ്ടാണ് കെ.എല്‍.എഫിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായിട്ടും തുടരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Content Highlight: IPTA against DC books and Kerala Govt over KLF management

We use cookies to give you the best possible experience. Learn more